ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : മൂന്നാഴ്ചയ്ക്കുള്ളിൽ കോവിഡ് വാക്സിനായി തയ്യാറെടുക്കാൻ ആശുപത്രികൾക്ക് നിർദേശം. ക്രിസ്മസിന് മുമ്പ് ഏറ്റവും ദുർബലരായ ആളുകൾക്ക് കുത്തിവയ്പ്പ് നൽകാൻ എൻ എച്ച് എസ് ഒരുങ്ങുകയാണ്. മാനേജർമാരുമായും എക്സിക്യൂട്ടീവുകളുമായും നടത്തിയ കൂടിക്കാഴ്ചയിൽ, ഗൈസിന്റെയും സെന്റ് തോമസിന്റെ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെയും തലവൻ ജോൺ ഫിൻഡ് ലേ, ഈ മാസവസാനത്തിനുമുമ്പ് ഒരു വാക്സിൻ ലഭ്യമാക്കുമെന്ന് അറിയിച്ചു. കെയർ ഹോമിൽ കഴിയുന്നവർക്കും 80 വയസ്സിനു മുകളിലുള്ളവർക്കും മുൻനിരയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യം വാക്സിൻ ലഭിക്കുക. ഡിസംബർ 31 ന് ബ്രെക്സിറ്റ് പരിവർത്തന കാലയളവ് അവസാനിക്കുന്നതിന് മുമ്പ് സുരക്ഷിതവും ശക്തവുമായ ഒരു വാക്സിൻ നിർമിക്കേണ്ടത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വിഷയമാണ്.
മൂന്നു നാല് ആഴ്ചകൾക്കുള്ളിൽ കുത്തിവയ്പ്പ് രണ്ട് ഡോസുകളായി നൽകുമെന്ന് കരുതുന്നു. ലണ്ടനിലെ രണ്ട് ആശുപത്രികൾ, ഗൈസ്, സെന്റ് തോമസ്, കിംഗ്സ് കോളേജ് ഹോസ്പിറ്റൽ എന്നിവ വാക്സിൻ ഹബുകൾ ആകുമെന്നാണ് റിപ്പോർട്ട്. കൂടാതെ “വാക്സിൻ ടാസ്‌ക് ഫോഴ്‌സ്” എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥരെയും നിയമിക്കും. എന്നിരുന്നാലും, ഏഴു ദിവസത്തിനുള്ളിൽ ഫ്ലൂ വാക്സിൻ ലഭിച്ച ഒരാൾക്ക് ഈ കുത്തിവയ്പ്പ് നൽകില്ല. നൈറ്റിംഗേൽ വാക്സിനേഷൻ സെന്ററുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനും അധികൃതർ ഒരുങ്ങുകയാണ്. വാക്സിനേഷൻ സെന്ററുകളും ബാക്ക് ഓഫീസുകളും ഉൾപ്പെടുന്ന അഞ്ഞൂറിലധികം സ്ഥലങ്ങളുടെ ഒരു പട്ടിക ഈ മാസം പകുതിയോടെ അംഗീകരിക്കും. ഡിസംബറോടെ ഇവ പൂർണമായും പ്രവർത്തനക്ഷമമാകും.
വ്യത്യസ്തമായ ആറ് വാക്‌സിനുകളിൽ നിന്ന് 350 ദശലക്ഷം ഡോസുകൾ വാങ്ങാൻ ബ്രിട്ടീഷ് സർക്കാർ ഇതിനകം പദ്ധതിയിട്ടിട്ടുണ്ട്. ഇതുവരെ, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും അസ്‌ട്രാസെനെക്കയും ഫൈസറിനൊപ്പം ബയോ ടെക്കുമായി സഹകരിച്ച് കാര്യമായ പുരോഗതി കൈവരിച്ചതായി പറയപ്പെടുന്നു. മനുഷ്യ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ് ഈ വാക്സിൻ. വാക്സിൻ സുരക്ഷിതമാണെന്ന് വ്യക്തമായാൽ 14 ദശലക്ഷം ഡോസുകൾ വർഷാവസാനത്തോടെ ലഭ്യമാക്കുമെന്ന് യുകെ വാക്സിൻ ടാസ്ക്ഫോഴ്സ് മേധാവി കേറ്റ് ബിംഗ്ഹാം അഭിപ്രായപ്പെട്ടു. വാക്സിൻ പ്രോഗ്രാം അടുത്ത മാസം ആരംഭിച്ചേക്കും. ഓരോ വാക്സിൻ ഡോസും നൽകുന്നതിന് 12.58 പൗണ്ട് നൽകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്.
Leave a Reply