കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. അമ്മയെ വാടകക്കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയും െതളിവുനശിപ്പിക്കാനായി വാടകക്കൊലയാളിയെയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. മൂന്നു വർഷം മുൻപ് കോഴിക്കോട് ജില്ലയിലെ രണ്ടു സ്ഥലത്തു നിന്നായി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
മുക്കം വെസ്റ്റ് മണാശേരി സൗപർണികയിൽ ബിർജുവിനെ (53) ആണു ക്രൈം ബ്രാഞ്ച് സംഘം നീലഗിരിയിലെ താമസസ്ഥലത്തു നിന്നു പിടികൂടിയത്. മൂന്നുവർഷം മുൻപ് കണ്ടെത്തിയ ശരീരഭാഗങ്ങൾ മലപ്പുറം വണ്ടൂർ പുതിയോത്ത് ഇസ്മായിലിന്റേത് (47) ആണെന്നു തിരിച്ചറിഞ്ഞു. ബിർജുവിന്റെ അമ്മ ജയവല്ലിയെ (70) ഇസ്മായിലിന്റെ സഹായത്തോടെ ബിർജു കൊലപ്പെടുത്തിയതാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു. കൊലപാതകത്തിൽ സഹായിച്ചതിനു 10 ലക്ഷം രൂപ ഇസ്മായിലിനു നൽകാമെന്നു ബിർജു വാഗ്ദാനം ചെയ്തിരുന്നു. പ്രതിഫലത്തിനായി ഇസ്മായിൽ പലതവണ ശല്യം ചെയ്യുകയും കൊലപാതകവിവരങ്ങൾ പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ബിർജു വീട്ടിലേക്കു വിളിച്ചുവരുത്തി കൊല്ലുകയിരുന്നു. കയർ കഴുത്തിൽ മുറുക്കി കൊന്നശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു ചാക്കിലാക്കി.
കാലുകളും കൈകളും തലയും വെവ്വേറെ ചാക്കുകെട്ടിലാക്കി പുഴയിലാണു തള്ളിയത്. കൈകളും തലയുമില്ലാത്ത ശരീരഭാഗം ചാക്കിൽ കെട്ടി കാരശ്ശേരി പഞ്ചായത്തിൽ റോഡരികിൽ കോഴിമാലിന്യങ്ങൾക്കിടയിൽ തള്ളി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേത് ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധനയിൽ നിന്നാണു മരിച്ചതു ഇസ്മായിൽ ആണെന്ന നിഗമനത്തിലെത്തിയത്.
മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇസ്മായിലിന്റെ പേരിൽ മോഷണക്കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകളിൽ ഇസ്മായിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. മൃതദേഹത്തിന്റെ വിരലടയാളവും ഇതും ഒന്നാണെന്നു പരിശോധനയിൽ കണ്ടെത്തി. തുടർന്നു ഇസ്മായിലിന്റെ മാതാവിന്റെ രക്തസാംപിൾ ശേഖരിച്ചു ഡിഎൻഎ പരിശോധന നടത്തിയതോടെ മരിച്ചത് ഇസ്മായിൽ ആണെന്ന് ഉറപ്പിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ തേടിയുള്ള അന്വേഷണത്തിലാണ് മുക്കം ഭാഗത്തു നിന്നു ക്വട്ടേഷൻ ഇടപാടിൽ ഇസ്മായിലിനു പണം ലഭിക്കാനുണ്ടായിരുന്നുവെന്നു സുഹൃത്തുക്കളിൽ നിന്നു വിവരം ലഭിച്ചത്. ഈ ക്വട്ടേഷൻ ഇടപാട് കൊലപാതകം ആണെന്ന സൂചനയും ക്രൈം ബ്രാഞ്ചിനു ലഭിച്ചു. തുടർന്നു മുക്കം ഭാഗത്തു സമീപകാലത്തു നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക ശേഖരിച്ചു.
ജയവല്ലിയുടെ മരണത്തിൽ നാട്ടുകാർക്കുള്ള സംശയങ്ങളും മരണത്തിനു ശേഷം മകൻ ബിർജു വീടും സ്ഥലവും വിറ്റു നാട്ടിൽ നിന്നു പോയതും സംശയമുളവാക്കി. ഇസ്മായിലും ബിർജുവും തമ്മിൽ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചു. ഏറെ നാൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇയാൾ നീലഗിരിയിലുണ്ടെന്നു കണ്ടെത്തി. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. 2017ൽ മൃതശരീരത്തിന്റെ ഭാഗങ്ങൾ ചാക്കിൽ െകട്ടിയ നിലയിൽ പല സ്ഥലത്തു നിന്നായി കണ്ടെത്തിയതാണു കേസിന്റെ തുടക്കം. 2017 ജൂൺ 26നു ചാലിയം കടലോരത്തു നിന്നു മൃതദേഹത്തിന്റെ ഇടതു കൈകയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. തുടർന്നു പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷം ഇതേ ഭാഗത്തുനിന്നു വലതുകൈയും കിട്ടി.
അന്വേഷണം നടക്കുന്നതിനിടെ ജൂലൈ 6നു കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിൽ തടപറമ്പ് റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ കൈകാലുകളും തലയും ഒഴികെയുള്ള ശരീരഭാഗം കണ്ടെത്തി. ഓഗസ്റ്റ് 13ന് ചാലിയത്തു വച്ചു തലയോട്ടിയും കണ്ടെത്തി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. 2017 ഒക്ടോബർ നാലിനാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഐജി ഇ.ജെ.ജയരാജിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എം.ബിനോയ് ആണു അന്വേഷിച്ചത്.
Leave a Reply