വീടിന്റെ മുറ്റത്ത് മകളെ വെട്ടിക്കൊന്ന ശേഷം രണ്ടാനച്ഛൻ ജീവനൊടുക്കി. മടവൂർ പൈമ്പാലിശ്ശേരി നെടുവങ്ങാട് ടി.പി.ദേവദാസൻ (51) മകൾ സൂര്യ സുരേന്ദ്രനെ (29) കൊലപ്പെടുത്തിയ ശേഷം സമീപത്തെ ഷെഡിൽ തൂങ്ങി മരിക്കുകയായിരുന്നു. മകളുടെ കരച്ചിൽ കേട്ട് തടയാനെത്തിയ അമ്മ സതീദേവിക്കും പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

സൂര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബത്തിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. പരേതനായ രാംപൊയിൽ പുനത്തുംകുഴിയിൽ സുരേന്ദ്രന്റെ മകളാണ് സൂര്യ. 25 വർഷം മുൻപാണ് സൂര്യയുടെ അമ്മയെ ദേവദാസൻ വിവാഹം കഴിച്ചത്. മുറ്റത്ത് ഉണങ്ങാനിട്ട തുണികൾ എടുത്ത് അടുക്കി വയ്ക്കുമ്പോഴാണ് ദേവദാസൻ സൂര്യയെ വെട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. വെട്ടേറ്റ് കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. രക്തംവാർന്ന് അവശയായ സൂര്യയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ദേവദാസനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി ഡ്രൈവറാണ് ദേവദാസൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം. സൂര്യയുടെ സഹോദരങ്ങൾ: ദിൽസി, അമൽനാഥ്.