ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവർ പെരുന്ന മൈത്രി നഗർ നാൽപ്പതാംകളം കെ.പി.വിനോദ് കുമാറും കണ്ടക്ടർ പായിപ്പാട് മച്ചിപ്പള്ളി പള്ളിക്കച്ചിറ പുതുപ്പറമ്പിൽ ബിനു അപ്പുക്കുട്ടനും– അപസ്മാരം മൂർഛിച്ച് അവശനിലയിലായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ഇവരാണ്. സമൂഹത്തിനു മുഴുവൻ മാതൃകയായ അവരുടെ നന്മമനസ്സ് പുറംലോകം അറിഞ്ഞുതുടങ്ങിയതോടെ നാടിന്റെ അഭിനന്ദനപ്രവാഹമാണ്.
പുലർച്ചെ ചങ്ങനാശേരിയിൽനിന്നു തിരുവനന്തപുരം ടെക്നോ പാർക്കിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും പോയി മടങ്ങുന്ന ബസിലായിരുന്നു രാത്രിയാത്രയ്ക്കിടെ കുഞ്ഞിന് അപസ്മാരബാധ കടുത്തത്. പ്രഥമശുശ്രൂഷ നൽകിയ ആശുപത്രിക്കു മുന്നിൽ ഒരു മണിക്കൂർ ബസ് കാത്തുകിടന്നു. തുടർന്ന് ഓട്ടോക്കൂലിയും നൽകി മെഡിക്കൽ കോളജിലേക്ക് അയച്ചു.
രാത്രി പത്തിന് എത്തേണ്ട ബസ് ചങ്ങനാശേരിയിൽ പുലർച്ചെ രണ്ടുമണിയോടെ എത്തിയതിനു കാരണം ഓഫിസറോടു വിശദീകരിച്ചെങ്കിലും മറ്റാരോടും പറഞ്ഞില്ല. മറ്റു യാത്രക്കാർ പറഞ്ഞാണു ‘മനോരമ’യിലൂടെ വാർത്ത പുറത്തുവന്നത്. വിനോദും ബിനുവും ഇതിനു പറയുന്നത് ഒരു കാരണം മാത്രം: ‘യാത്രക്കാർക്ക് എന്തു സംഭവിച്ചാലും സഹായിക്കണമെന്നുള്ള പ്രാഥമിക പാഠമാണു ഞങ്ങൾ ചെയ്തത്.’
Leave a Reply