ജോജി തോമസ്

പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പടയെന്ന് പറഞ്ഞ അവസ്ഥയായി മുന്‍ ബിജെപി അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്റേത്. ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍കൂട്ടി ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം കുമ്മനം രാജശേഖരനെ കേരള ബിജെപി ഘടകത്തിന്റെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി മിസോറാം ഗവര്‍ണറാക്കിയത്. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് പദവി മാറുന്നതെങ്കില്‍ അതൊരു ശിക്ഷാനടപടിയായി വ്യാഖ്യാനിക്കാന്‍ സാധ്യത കൂടുതലായിരുന്നു. തെരഞ്ഞെടുപ്പുഫലം വരുന്നതിനു മുമ്പായിട്ടുകൂടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുമ്മനത്തിന്റേത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ എന്നാണ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം കുമ്മനത്തിന്റഎ സ്ഥാനലബ്ധിയെ സംബന്ധിച്ച് ”ഐ ആം സെയിഫ്” തുടങ്ങിയ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ മിസോറാമില്‍ കുമ്മനത്തിന്റെ അവസ്ഥ അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുമ്മനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മിസോറാമില്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിസോറാമിലെ രാഷ്ട്രീയ പാര്‍ട്ടിയായ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് കുമ്മനം രാജശേഖരനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്ത. കുമ്മനത്തിന്റെ തീവ്ര ഹിന്ദുത്വ ആശയങ്ങളും ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുമാണ് പ്രിസത്തിന്റെ എതിര്‍പ്പിന് കാരണം. ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള മിസോറാമില്‍ കുമ്മനത്തിനെതിരെ സംഘടിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒകളെയും വിവിധ ക്രൈസ്തവ സംഘടനകളെയും സമീപിച്ചിരിക്കുകയാണ് പ്രിസം. കേരളത്തില്‍ വെച്ച് ക്രിസ്ത്യന്‍ മിഷനറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ടതില്‍ കുമ്മനം കുറ്റാരോപിതനായതും നിലയ്ക്കല്‍ പ്രശ്‌നത്തില്‍ സ്വീകരിച്ച തീവ്രവാദ നിലപാടുമെല്ലാം മിസോറാമില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. എന്തായാലും എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്നതുപോലെയായി കുമ്മനത്തിന്റെ അവസ്ഥയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അടക്കംപറച്ചില്‍.