കുന്നത്തുകളത്തില്‍ പണമിടപാടു സ്ഥാപനങ്ങളുടെയും ജ്വല്ലറികളുടെയും ഉടമ കെ.വി.വിശ്വനാഥന്‍, ഭാര്യ രമണി, മകള്‍ നീതു, മരുമകന്‍ ഡോ.ജയചന്ദ്രന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റ!ഡിയില്‍ എടുത്തു. ഒളിവില്‍ കഴിയുന്ന മറ്റൊരു മകള്‍ ജിത്തു, മരുമകന്‍ ഡോ.സുനില്‍ ബാബു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കോട്ടയത്ത് കഴിഞ്ഞ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജ്വല്ലറികളും അടച്ചത്. ചിട്ടിയിലും മറ്റുമായി പണം നിക്ഷേപിച്ചവര്‍ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രക്ഷോഭം ഒരുമാസം എത്തുമ്പോഴാണ് അറസ്റ്റ്. നാളെ ഹൈക്കോടതി ആറുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. ജൂണ്‍ 18നു പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തശേഷം വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു. ഇവരെ തേടി പലവട്ടം അന്വേഷണ സംഘം എത്തിയെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം പ്രതികള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഇവര്‍ തൃശൂരിലും പരിസരത്തുമുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്.
കമ്പനി പാപ്പരായതായി പ്രഖ്യാപിച്ചതോടെ ഇവരെ വിശ്വസിച്ച് കോടികള്‍ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകരാണ് വെട്ടിലായിരിക്കുന്നത്. സെന്‍ട്രല്‍ ജംഗ്ഷനിലെ ജൂവലറി അടഞ്ഞു കിടന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കമ്പനി പൊട്ടിയതായും, ഭാര്യയും ഭര്‍ത്താവും പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചതായും അറിയാന്‍ സാധിച്ചത്. നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ജില്ലയിലെ വന്‍കിട ബിസിനസ് ജൂവലറി ഗ്രൂപ്പാണ് കുന്നത്തുകളത്തില്‍ ജൂവലറി. നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ തന്നെ ഇവര്‍ക്കു കോടികള്‍ വിലയുള്ള സ്ഥലവും, ജൂവലറിയുമുണ്ട്. കണ്ണായ സ്ഥലത്തു തന്നെയാണ് ഈ ജൂവലറി പ്രവര്‍ത്തിക്കുന്നതും. സ്വര്‍ണ്ണക്കടകൂടാതെ കുന്നത്തുകളത്തില്‍ ഫിനാന്‍സും, ചിട്ടിഫണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനിലും, ചെങ്ങന്നൂരിലും, കുമരകത്തുമാണ് ഇവര്‍ക്കു ജൂവലറികളുള്ളത്. ചിട്ടി ഫണ്ടിന്റെ പ്രധാന ഓഫിസ് ബേക്കര്‍ ജംഗ്ഷനിലെ സി.എസ്‌ഐ ബില്‍ഡിംഗിലാണ്. ചങ്ങനാശേരി, കോട്ടയം ചന്തക്കവല, എന്നിവിടങ്ങളിലും ഇവര്‍ക്കു ഓഫിസുകള്‍ നിലവിലുണ്ട്.
കോടികളുടെ ബിസിനസാണ് ഇവിടെ പ്രതിദിനം നടക്കുന്നതെന്നാണ് രേഖകള്‍. ചിട്ടി കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളിലുള്ള ചിട്ടി ഇടപാടുകള്‍ നടക്കുന്നുണ്ട്. ജില്ലയിലെ വന്‍കിടക്കാന്‍ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങളായി കമ്പനി സാമ്പത്തിക ബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ തൃശൂരിലെ ഒളിത്താവളത്തില്‍ നിന്നാണു ഡോ.ജയചന്ദ്രനും നീതുവും പിടിയിലായത്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഒളിത്താവളത്തില്‍ നിന്നു വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ഏതാനും ദിവസമായി താമസിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്. 150 കോടി രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
Leave a Reply