മേട്ടുപ്പാളയം: കുരങ്ങിണിമല കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി ഉയര്‍ന്നു. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ദേവികുളം ടോപ്‌സ്റ്റേഷനു മറു ഭാഗത്തായി പടര്‍ന്ന തീയാണ് 39 അംഗ സഞ്ചാരികളുടെ സംഘത്തെ അപകടത്തിലാക്കിയത്. പൊള്ളലേറ്റ 15 പേരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഏഴുപേര്‍ ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. സംഘത്തിലുണ്ടായിരുന്ന 16 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈ സ്വദേശികളായ സുശീല, ഹേമലത, സുനിത, ശുഭ, അരുണ്‍, കോയമ്പത്തൂര്‍ സ്വദേശിയായ വിപിന്‍, ഈറോഡ് സ്വദേശികളായ ദിവ്യ, വിവേക്, തമിഴ്ശെല്‍വന്‍ എന്നിവരാണ് മരിച്ചവര്‍. ഇവരില്‍ ദിവ്യയും വിവേകും ദമ്പതിമാരാണ്. ഇന്നലെയാണ് 39 പേരടങ്ങുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം തേനിയിലേക്ക് ട്രക്കിങ്ങിനായി എത്തുന്നത്. സംഘത്തില്‍ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമുണ്ടായിരുന്നു. വിവിധ സംഘങ്ങളായി യാത്രതിരിച്ച ഇവര്‍ കുരങ്ങിണി മലയിലെത്തുമ്പോള്‍ സമയം ഏതാണ്ട് അഞ്ച് മണിയോട് അടുത്തിരുന്നു. സംഘത്തിലൊരാള്‍ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സൂചനകളുണ്ട്. മലയുടെ മുകളില്‍ പുല്ലും ഇലകളും വരണ്ടുണങ്ങിയ നിലയിലായത് കൊണ്ട് അതിവേഗമാണ് തീ പടര്‍ന്നത്.
പ്രദേശത്ത് വാഹന ഗതാഗത സൗകര്യമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അപേക്ഷയെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. കാണാതായവര്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ 15 പേരെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില ഗുരുതരമായി തുടരുന്നവരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Leave a Reply