ഷിബു മാത്യൂ.
ചരിത്ര പ്രസിദ്ധമായ കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ
ഇന്ന് രാവിലെ 6.45 ന് നടന്ന തിരുകർമ്മത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
ആർച്ച്പ്രീസ്റ്റ് റവ. ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ. ജോർജ് വടയാറ്റുകുഴി, ഫാ.പോൾ മഠത്തിക്കുന്നേൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. അഗസ്റ്റിൻ മേച്ചേരിൽ, ഫാ. ജോസഫ് ആലാനിയ്ക്കൽ , ഫാ. ജോർജ് എട്ടുപറയിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. കൊടിയേറ്റ് തിരുകർമ്മത്തിനു ശേഷം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന നടന്നു. വിശുദ്ധ കുർബാന മദ്ധ്യേ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തിരുനാൾ സന്ദേശം നൽകി.
നാളെ ജനുവരി 22 തിങ്കൾ രാവിലെ 5.30 തിനുള്ള തിരുസ്വരൂപ പ്രതിഷ്ഠയോടെ മൂന്നു നോമ്പ് തിരുനാളിന് തുടക്കമാകും. പകലോമറ്റം, കുര്യനാട് – കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ പള്ളിയിൽ നിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയിൽ വൈകിട്ട് 8.15 ന് സംഗമിക്കും. തുടർന്ന് ലദീഞ്ഞും സമാപനാശീർവാദവും നടക്കും. 9.30 തിന് വർണ്ണാഭമായ ചെണ്ടമേളത്തോടെ ഒന്നാം ദിവസത്തെ തിരുക്കർമ്മങ്ങൾ അവസാനിക്കും.
ജനുവരി 24 ചൊവ്വാഴ്ച്ച രാവിലെ 5.30 തി നുള്ള ദിവ്യബലിയോടെ പ്രധാന തിരുനാളിന് തുടക്കമാകും. 10.30 തിന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. രൂപതയിലെ നവ വൈദീകർ സഹകാർമ്മികരാകും. ഉച്ചയ്ക്ക് 1.00 മണിക്ക് യോനാ പ്രവാചകൻ്റെ നിനിവേ യാത്രയുടെ സ്മരണയുയർത്തുന്ന ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കും. വൈകിട്ട് 8.00 മണിക്ക് റവ. ഫാ. തോമസ് ബ്രാഹ്മണവേലിൽ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ ചൊവ്വാഴ്ച്ചത്തെ തിരുകർമ്മങ്ങൾ അവസാനിക്കും.
ജനുവരി 24 ബുധനാഴ്ച്ച രാവിലെ 5.30 തിനുള്ള ആഘോഷമായ വിശുദ്ധ കുർബാനയോടെ തിരുകർമ്മൾക്ക് തുടക്കമാകും. 10.30 ന് റവ. ഫാ. ദേവസ്യാച്ചൻ വട്ടമ്പലം (വികാരി, അടുക്കം പള്ളി) ആഘോഷമായ തിരുനാൾ റാസ അർപ്പിക്കും. വൈകിട്ട് 4.30 ന് ഷിക്കാഗോ രൂപത മുൻ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ്ബ് അങ്ങാടിയത്ത് ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
6.00 മണിക്ക് ജൂബിലി കപ്പേളയിലേയ്ക്ക് പ്രദക്ഷിണം നടക്കും. 8.00 മണിക്കുള്ള പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ മൂന്നു നോമ്പ് തിരുനാളിൻ്റെ മൂന്നാം ദിവസമായ ബുധനാഴ്ച്ചത്തെ തിരുകർമ്മങ്ങൾ അവസാനിക്കും.
ജനുവരി 25 വ്യാഴം – ഇടവകയിലെ മരിച്ചവരുടെ ഓർമ്മ ദിനം. ഫെബ്രുവരി 4 ഞായർ ദേശത്തിരുനാളുകൾ ആരംഭിക്കും. ഫെബ്രുവരി 10 ശനിയാഴ്ച്ച അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബാസ്ത്യാനോസിൻ്റെ നാമധേയത്തിലുള്ള പത്താം തീയതി തിരുനാൾ നടക്കും.
പ്രധാന തിരുക്കർമ്മങ്ങൾ പള്ളിയുടെ യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാണ്.
Leave a Reply