ന്യൂസ് ഡെസ്ക്.
പോലീസിന് പ്രവേശനം നിഷേധിച്ച് നിയമവിരുദ്ധമായി ബിസിനസും കുറ്റകൃത്യങ്ങളും നടത്താൻ സ്വയം നിയന്ത്രിത ഏരിയ നടപ്പാക്കിയ മാഫിയ സംഘത്തിനെതിരെ ബ്രിട്ടീഷ് പോലീസ് നടപടി. നോട്ടിങ്ങാമിലാണ് ഗുണ്ടാസംഘം പോലീസിന് സ്ട്രീറ്റിലേയ്ക്ക് പ്രവേശനം നിഷേധിച്ചത്. ഹൈസൻ ഗ്രീനിലുള്ള മിനി മാർക്കറ്റിൽ റെയ്ഡ് നടത്താൻ എത്തിയ പോലീസിനെയും കൗൺസിൽ ഉദ്യോഗസ്ഥരെയും മാഫിയ തടഞ്ഞു. ഇത് കുർദ്ദിഷ് സ്ട്രീറ്റാണ്, പോലീസിന് ഇവിടെ പ്രവേശനമില്ലെന്ന് മാഫിയ സംഘം അറിയിക്കുകയായിരുന്നു. ഇല്ലീഗൽ സിഗരറ്റിന്റെ വില്പന, മയക്കുമരുന്നു വില്പന, ഹ്യൂമൻ ട്രാഫിക്കിംഗ് എന്നിവ നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്.
ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നതിനായി പോലീസിന് പ്രതിഫലവും മാഫിയ സംഘം ഓഫർ ചെയ്തു. മാസപ്പടിയായി 5000 പൗണ്ട് നല്കാമെന്നാണ് വാഗ്ദാനം നല്കിയത്. അവരുടെ ഉപാധി ഒന്നു മാത്രം, പോലീസ് കുർദ്ദിഷ് സ്ട്രീറ്റിലെ കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. പോലീസും കൗൺസിൽ നിന്നുള്ള ട്രേഡിംഗ് സ്റ്റാൻഡാർഡും നടത്തിയ റെയ്ഡിൽ 36,640 പൗണ്ടിന്റെ ടുബാക്കോ പിടികൂടി. സിഗരറ്റ് വില്പന നടത്തുന്നതിനായി മാഫിയ സംഘം അടിമയാക്കി വച്ചിരുന്ന ഒരു അഭയാർത്ഥിയെയും പോലീസ് റെയ്ഡിൽ കണ്ടെത്തി. ഹൈസൻ ഗ്രീനിലെ എല്ലാ ഷോപ്പുകളും കുർദ്ദിഷ് മാഫിയ സംഘമാണ് നിയന്ത്രിച്ചിരുന്നത്.
രഹസ്യമായി നിർമ്മിച്ച അറകളിലാണ് സിഗരറ്റ് സൂക്ഷിച്ചിരുന്നത്. പോലീസിന് പ്രവേശനം നിഷേധിക്കുന്ന ഒരു സ്ഥലവും ഈ രാജ്യത്ത് ഇല്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ നോട്ടിങ്ങാം ഡിസ്ട്രിക്ട് ജഡ്ജ്, മിനി മാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
Leave a Reply