ഷെറിൻ പി യോഹന്നാൻ
പിടികിട്ടാപ്പുള്ളി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്കെത്തുന്ന പേരാണ് സുകുമാരകുറുപ്പ്. ഇവിടെയാണ് സിനിമയ്ക്കുള്ള സാധ്യത ഒരുങ്ങുന്നതും. തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ഒരു വ്യക്തിയെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളി മാത്രമല്ല കുറുപ്പ്. കേരള പോലീസിന് ഏറ്റവുമധികം വെല്ലുവിളിയുയർത്തിയ ക്രിമിനൽ കൂടിയാണ്. അതിനാൽ സുകുമാരകുറുപ്പ് കേസ് ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. ദുൽഖറിനെ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ‘കുറുപ്പ്’ ഈയൊരു സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ്. ഒരു കൊലപാതകിയെ ഗ്ലോറിഫെെ ചെയ്ത് കാണിക്കുന്നത് ശരിയല്ലെന്നും എന്നാൽ സിനിമയെ സിനിമയായി കാണണമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ വിവാദങ്ങൾക്കുള്ള മറുപടി ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ നൽകുകയുണ്ടായി.
ഡി.വൈ.എസ്.പി. കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിലൂടെയാണ് ചിത്രം കഥ പറഞ്ഞാരംഭിക്കുന്നത്. കൃഷ്ണദാസിന്റെ കേസ് ഡയറിൽ നിന്നാണ് ഗോപീകൃഷ്ണന്‍ എന്ന സുധാകരകുറുപ്പിന്റെ ജീവിതത്തിലേക്ക് കഥ നീങ്ങുന്നത്. നോൺ ലീനിയർ കഥ പറച്ചിൽ രീതിയാണ് ചിത്രം പിന്തുടരുന്നത്. സുഹൃത്തായ പീറ്ററിന്റെ ആഖ്യാനത്തിലൂടെയാണ് കുറുപ്പിന്റെ ഭൂതകാലം പ്രേക്ഷകൻ മനസ്സിലാക്കുന്നത്. പിന്നീട് കൊലപാതകവും രക്ഷപെടലും കുറുപ്പിന്റെ രഹസ്യങ്ങളുമായി കഥ മുന്നോട്ട് നീങ്ങുന്നു.
സാങ്കേതിക വശങ്ങളിലെല്ലാം ചിത്രം മികവ് പുലർത്തിയിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ ഗംഭീര പശ്ചാത്തലസംഗീതം, നിമിഷ് രവിയുടെ മികവാർന്ന ക്യാമറ കാഴ്ചകൾ, കളർ ഗ്രേഡിങ്, നിർമാണ മികവ് എന്നിവ ഒരു ക്രൈം ഡ്രാമയുടെ മൂഡ് ക്രീയേറ്റ് ചെയ്തു വയ്ക്കുന്നു. കഥ നടക്കുന്ന കാലത്തെ അതിന്റെ തനിമയോടെ പുനരാവിഷ്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ‘പകലിരവുകളാൽ’ എന്ന് തുടങ്ങുന്ന ഗാനം മനോഹരമാണ്. അൻവർ അലിയുടെ വരികൾ പതിവ് പോലെ ഇവിടെയും മനസ്സ് കീഴടക്കുന്നു. പിള്ളയെന്ന കഥാപാത്രത്തെ ഷൈൻ ടോം ഗംഭീരമാക്കുമ്പോൾ ദുൽഖറും ഇന്ദ്രജിത്തും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.
വിജയരാഘവൻ, അനുപമ, സണ്ണി വെയ്ൻ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ടെങ്കിലും അവർക്ക് കഥയിൽ കൃത്യമായ സ്പേസ് നൽകുന്നില്ല. ഇനി കുറുപ്പിലേക്ക് വരാം… യഥാർത്ഥത്തിൽ കുറുപ്പ്, ഒരു പരാജയപ്പെട്ട ക്രിമിനലാണെന്ന് ഞാൻ പറയും. ആദ്യ കുറ്റകൃത്യം തന്നെ പാളിപ്പോയി. ബുദ്ധിമാനായ പോലീസ് ഉദ്യോഗസ്ഥൻ കുറുപ്പിന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. പോലീസിന് പിടികൊടുക്കാതെ നടക്കുന്ന കുറുപ്പാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ. നായകന്റെ മാനറിസം, ഡയലോഗ് എന്നിവയിലൂടെ കഥാപാത്രത്തിന് ഒരു ഹീറോ പരിവേഷം കൈവരുന്നു. കുറുപ്പിന്റെ പ്രണയത്തോടൊപ്പം പ്രേക്ഷകനറിയാവുന്ന കഥയുമായി മുന്നോട്ടു നീങ്ങിയ ആദ്യ പകുതി തൃപ്തികരമാണ്.
രണ്ടാം പകുതിയിലാണ് തിരക്കഥ ദുർബലമാകുന്നത്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ശക്തമായ, വിശ്വസനീയമായ രംഗങ്ങൾ ഒരുക്കിയെടുക്കുന്നതിൽ സംവിധായകൻ പരാജയപ്പെടുന്നത് കാണാം. ഇൻഷുറൻസ് തുകയ്‌ക്ക് വേണ്ടിയൊരു കൊലപാതകം എന്ന നിലയിൽ നിന്നും മറ്റൊരു വഴിയിൽ സിനിമ സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഇൻട്രസ്‌റ്റിംഗ് ആക്കാമായിരുന്ന രംഗങ്ങൾ ഇവിടെ കഥയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയാണ്.
കുറുപ്പ് എന്ന കഥാപാത്രത്തെ അധികം എക്സ്പ്ലോർ ചെയ്യാൻ തിരക്കഥ തയ്യാറായിട്ടില്ല. വില്ലനായ കുറുപ്പിനെ പ്രേക്ഷകൻ വെറുക്കണം. എന്നാൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന നായക കഥാപാത്രത്തിന് ലഭിക്കുന്ന കയ്യടിയിലാണ് ചിത്രം അവസാനിക്കുന്നത്. കുറുപ്പ് ഒരു ഫിക്ഷണൽ കഥാപാത്രം അല്ലാത്തിടത്തോളം നാൾ എനിക്കീ ക്ലൈമാക്സുമായി പൊരുത്തപ്പെടാൻ കഴിയില്ല. സാങ്കേതിക വശങ്ങളിലെ മികവ് ചിത്രത്തെ എൻഗേജിങ് ആയി നിലനിർത്തുമ്പോഴും തിരക്കഥയിലെ പോരായ്മ പരിഹരിക്കാൻ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിന് കഴിയുന്നില്ല.
Leave a Reply