സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിലെ കെയർ ഹോമുകൾ കൊറോണ വൈറസ് പടർന്നുപിടിച്ചതിന് കരണമന്വേഷിച്ച് ലേബർ പാർട്ടി നേതാവ് കെയർ സാറ്റർമർ. ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായുള്ള ചോദ്യോത്തരവേളയിൽ സ്റ്റാർമർ, ബ്രിട്ടനിലെ കെയർ ഹോമുകളിൽ ഉണ്ടായ മരണത്തെപ്പറ്റി ചോദിക്കുകയുണ്ടായി. മാർച്ച് 12 ന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയിൽ കെയർ ഹോമുകളിൽ രോഗം പടരില്ലെന്ന് പറഞ്ഞതായി സ്റ്റാർമർ അറിയിച്ചു. മാർച്ച് 13 ന് പിൻവലിച്ച ഗവൺമെന്റിന്റെ വെബ്‌സൈറ്റിലെ ഒരു പേജ് ഇങ്ങനെ പറയുന്നു: “യുകെയിലെ സമൂഹത്തിൽ നിലവിൽ കോവിഡ് 19 കടന്നുചെല്ലാത്തത് കെയർ ഹോമിലാണ്. കാരണം അവർക്ക് ആവശ്യമായ പരിചരണം അവിടെ ഉറപ്പാക്കുന്നുണ്ട്. ” പിഎംക്യുവിന് ശേഷം ജോൺസന് എഴുതിയ കത്തിൽ ലേബർ നേതാവ് ഇങ്ങനെ പറഞ്ഞു: “ദേശീയ പ്രതിസന്ധിയുടെ ഈ സമയത്ത് മന്ത്രിമാർ നൽകുന്ന വിവരങ്ങളിൽ കൃത്യത പുലർത്തേണ്ടത് മുമ്പത്തേക്കാളും പ്രധാനമാണ്.” ഇംഗ്ലണ്ടിലെ കെയർ ഹോമുകളിൽ കൊറോണ വൈറസ് അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് പ്രധാനമന്ത്രി 600 മില്യൺ പൗണ്ട് പ്രഖ്യാപിച്ചിരുന്നു. കെയർ ഹോമുകളിലെ മരണങ്ങളുടെ എണ്ണം വളരെ ഉയർന്നതാണെന്നും എന്നാൽ രോഗവ്യാപനം നിയന്ത്രണത്തിൽ ആണെന്നും ജോൺസൻ പറഞ്ഞു. കെയർ ഹോമുകളിലെ ആളുകളെ സംരക്ഷിക്കുന്നതിൽ സർക്കാർ വളരെ മന്ദഗതിയിലായിരുന്നുവെന്ന് സ്റ്റാർമർ കൂട്ടിച്ചേർത്തു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോവിഡ് -19 മരണങ്ങളിൽ 40 ശതമാനമെങ്കിലും കെയർ ഹോമുകളിലാണ് സംഭവിച്ചത്.
കെയർ ഹോമുകളിൽ ഓരോ മാസവും ശരാശരി മരണങ്ങൾ ഒഎൻഎസ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വെച്ച് ഏപ്രിലിൽ ഉണ്ടായത് 8,000 ത്തിലധികം മരണമാണ്. സർക്കാരിന്റെ കണക്കുകൾ പ്രകാരം കെയർ ഹോമിൽ 8,000 കോവിഡ് മരണങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ഏപ്രിലിൽ 10,000ത്തിൽ അധികം കെയർ ഹോം മരണങ്ങൾ ഉണ്ടായതായി സ്റ്റാർമർ പറഞ്ഞു. കെയർ ഹോമുകളിലെ പകർച്ചവ്യാധി കുറയ്ക്കുന്നതിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പക്ഷേ നമ്മൾ പുരോഗതി കൈവരിച്ചുവെന്നും ജോൺസൺ പറഞ്ഞു. കണക്കുകളിലെ വിശദീകരിക്കാത്ത മരണങ്ങളെ പറ്റി സ്റ്റാർമർ ചോദിക്കുകയും റെക്കോർഡ് ശരിയാക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. കോവിഡ് മരണങ്ങളിൽ നടത്തുന്ന അന്താരാഷ്ട്ര താരതമ്യം നിർത്തിയത് എന്തുകൊണ്ടാണെന്നും സ്റ്റാർമർ ചോദിച്ചു. അത്തരം താരതമ്യങ്ങൾ തേടുന്നത് പിന്നീടാകാമെന്ന് ജോൺസൺ മറുപടി നൽകി.
അതേസമയം കൊറോണ വൈറസ് ജോൺസനെ മാറ്റിമറിച്ചതായി കൺസേർവേറ്റിവുകൾ കരുതുന്നു. ഇതവരെ അസ്വസ്ഥരാക്കുന്നുമുണ്ട്. സമ്പദ്‌വ്യവസ്ഥ തകരുമെന്നതും ലോക്ക്ഡൗൺ ലഘൂകരണം രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നും അവർ ഭയപ്പെടുന്നുണ്ട്. ഇതിനാൽ തന്നെ പ്രധാനമന്ത്രി, ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുമെന്ന് അവർ ഉറ്റുനോക്കുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ പുറപ്പെടുവിച്ച “സ്റ്റേ അലേർട്ട്” സന്ദേശവും ആശയകുഴപ്പം സൃഷ്‌ടിച്ചിരുന്നു.
Leave a Reply