ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും. ടോറികളും ലേബർ പാർട്ടിയും ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികൾ ജനങ്ങൾക്ക് മുന്നിൽ വെക്കുന്ന വാഗ്ദാനങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ളതാണ് എൻഎച്ച്എസ്സിന്റെ നവീകരണം. നിലവിൽ എൻഎച്ച്എസ്സിന്റെ കാത്തിരിപ്പ് സമയം പിടിച്ചാൽ കിട്ടാതെ മുന്നേറി കൊണ്ടിരിക്കുകയാണ്.


എന്നാൽ അധികാരത്തിൽ വരുന്നത് ലേബർ പാർട്ടിയായാലും കൺസർവേറ്റീവ് പാർട്ടിയായാലും എൻഎച്ച്എസിൻ്റെ കഷ്ടകാലത്തിന് മാറ്റമുണ്ടാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. രണ്ട് പാർട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രിക സസൂഷ്മം വിലയിരുത്തിയാണ് രാജ്യത്തെ പ്രമുഖ ഹെൽത്ത് തിങ്ക്‌ടാങ്ക് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. നഫ്‌ഫീൽഡ് ട്രസ്റ്റിൻ്റെ വിലയിരുത്തൽ അനുസരിച്ച് ലേബർ പാർട്ടിയുടെയും കൺസർവേറ്റീവ് പാർട്ടിയുടെയും ചിലവ് ചുരുക്കൽ നയങ്ങൾ എൻഎച്ച്എസിന് തിരിച്ചടിയാകും. അതായത് എൻഎച്ച്എസിൻ്റെ സാമ്പത്തിക പ്രതിസന്ധി ഏതു സർക്കാർ അധികാരത്തിൽ വന്നാലും രൂക്ഷമാകാനാണ് സാധ്യതകൾ .


ഭാവിയിൽ നിലവിലുള്ള ജീവനക്കാർക്ക് ശമ്പളം നൽകാൻ തന്നെ ജൂലൈ 4- ന് അധികാരത്തിലെത്തുന്ന സർക്കാർ പാടുപെടുമെന്ന് നഫ്ഫീൽഡ് ട്രസ്റ്റിലെ സീനിയർ പോളിസി അനലിസ്റ്റും എൻഎച്ച്എസ് ഫണ്ടിംഗിലെ പ്രമുഖ അതോറിറ്റിയുമായ സാലി ഗെയ്ൻസ്ബറി പറഞ്ഞു. എന്നാൽ തങ്ങൾ മതിയായ നിക്ഷേപം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് നഫ്ഫീൽഡ് ട്രസ്റ്റിൻ്റെ വിശകലനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലേബർ പാർട്ടി വക്താവ് പറഞ്ഞു. ബ്രിട്ടന്റെ ചരിത്രത്തിൽ സമീപ കാലത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എൻഎച്ച്എസ്സിന്റെ പ്രവർത്തനം നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞവർഷം 7.2 മില്യൺ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള നടപടികൾ എടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 7.5 ദശലക്ഷം ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്.