ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ ഉടനീളം നടന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് മുൻതൂക്കം. രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചതു പോലെ ടോറികൾക്ക് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കൗൺസിൽ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പുറമെ ബ്ലാക്ക്പൂൾ സൗത്തിലെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയവും നേടി.
ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂൾ സൗത്തിൽ 58.9% വോട്ടു ശതമാനമാണ് ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്ന ക്രിസ് വെബ് നേടിയത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്ന ഡേവിഡ് ജോൺസന് 17. 5 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളൂ. 2018-ൽ ബ്രെക്സിറ്റിനോട് ബന്ധപ്പെട്ട് രൂപീകൃതമായ വലതുപക്ഷ പാർട്ടിയായ റീഫോം യുകെയുടെ സ്ഥാനാർത്ഥിയായിരുന്ന മാർക്ക് ബച്ചർ 16.9 ശതമാനം വോട്ട് ആണ് ഇവിടെ നേടിയത്. കൺസവേറ്റീവ് പാർട്ടിക്ക് കിട്ടേണ്ട വോട്ട് വിഹിതം കുറച്ചൊക്കെ റീഫോം യുകെ കൈക്കലാക്കിയതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വോട്ട് വിഹിതത്തിൽ 32. 1 ശതമാനം കുറവാണ് കൺസർവേറ്റീവ് പാർട്ടിക്ക് ഉണ്ടായത്.
ഉപതിരഞ്ഞെടുപ്പ് ഫലവും ലോക്കൽ കൗൺസിലിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലവും പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടിയാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. യുകെയിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നതിൻ്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമാർ പറഞ്ഞു
Leave a Reply