ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും നേഴ്സുമാരുടെയും വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളുമെന്ന പുതിയ നിർദ്ദേശവുമായി ലേബർ പാർട്ടി മുന്നോട്ടുവന്നു. എൻഎച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കൊടിയ ക്ഷാമത്തെ മറികടക്കാനുള്ള പരിഹാരമായാണ് ഷാഡോ ഹെൽത്ത് സെക്രട്ടറി ആയ വെസ് സ്ട്രീറ്റിംഗ് നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാൽ ഈ നിർദ്ദേശം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എൻഎച്ച്സിലെ ജോലി കൂടുതൽ ആകർഷകമാക്കാൻ ഈ നിർദ്ദേശം ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്. എൻ എച്ച്സിലെ ജോലി ഉപേക്ഷിച്ച് പലരും കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. മെഡിക്കൽ നേഴ്സിംഗ് ബിരുദധാരികളെ ഒരു നിശ്ചിത കാലയളവിൽ എൻഎച്ച്എസിൽ ജോലി ചെയ്യാൻ നിർബന്ധിക്കണോ എന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷാഡോ ഹെൽത്ത് സെക്രട്ടറി . നിലവിൽ മറ്റ് പല സ്ഥാപനങ്ങളും അനുവർത്തിക്കുന്ന നിർബന്ധിത സേവനം എൻഎച്ച്എസ് നടപ്പിലാക്കുന്നില്ല. ഡോക്ടർമാരെയും നേഴ്സുമാരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകൾ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുമെന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് ലേബർ പാർട്ടിയിൽ നിന്നുള്ള നിർദ്ദേശം ക്രിയാത്മകമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ഡയറക്ടർ പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു.


ജീവനക്കാരുടെ ക്ഷാമം എൻഎച്ച് എസിന് എന്നും ഒരു കീറാമുട്ടിയാണ്. വിവിധ തസ്തികകളിലേയ്ക്ക് ഒഴിവു നികത്തുന്നതിന് അനുയോജ്യരായ ആരോഗ്യ പ്രവർത്തകരെ ലഭിക്കുന്നതിന് വേണ്ടി ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്നും എൻഎച്ച്എസ് വ്യാപകമായ രീതിയിൽ റിക്രൂട്ട്മെൻറ് നടത്തിവരികയാണ്. ഒട്ടേറെ മലയാളികളാണ് ഈ അവസരം മുതലാക്കി എൻഎച്ച്എസിൽ പുതിയതായി ജോലിക്കായി ചേർന്നിരിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം എൻഎച്ച്എസ്സിന്റെ വെയിറ്റിംഗ് ലിസ്റ്റ് കൂടുന്നതിൽ ചെറുതല്ലാത്ത ഒരു പങ്ക് വഹിക്കുന്നുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.