ജോജി തോമസ്
മലയാളികളുള്‍പ്പെടുന്ന തൊഴില്‍ സമൂഹത്തിന് വാനോളം പ്രതീക്ഷകള്‍ നല്‍കി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. അടിസ്ഥാന വേതനം ഒരു മണിക്കൂറിന് പത്ത് പൗണ്ടായി നിജപ്പെടുത്തുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനം. 25 വയസിന് മുകളിലുള്ളവരുടെ നിലവിലുള്ള അടിസ്ഥാന ശമ്പളം 7.50 പൗണ്ട് എന്ന നിരക്കിലാണ്. അടിസ്ഥാന ശമ്പളത്തില്‍ ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരിക്കുന്ന വര്‍ദ്ധനവ് മലയാളികളുള്‍പ്പെടുന്ന വിവിധ തരത്തിലുള്ള തൊഴിലെടുത്ത് ജീവിക്കുന്ന സമൂഹത്തിന് തികച്ചും പ്രതീക്ഷാജനകമാണ്. ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത സൗജന്യ യൂണിവേഴ്സിറ്റി വിദ്യാഭ്യാസവും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ യോര്‍ക്ഷയറിലെ ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹാളിലാണ് പ്രകടന പത്രികയുടെ പ്രകാശനം നടന്നത്.
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ സംരക്ഷണവും നവീകരണവും ലേബര്‍ പാര്‍ട്ടി പ്രകടന പത്രികയിലൂടെ ഉറപ്പു തരുന്നുണ്ട്. അധികാരത്തിലെത്തുകയാണെങ്കില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാതൃകയില്‍ നാഷണല്‍ എജ്യൂക്കേഷന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനും ലേബര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. 1948-ല്‍ ആദ്യമായി നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് അന്നത്തെ ലേബര്‍ സര്‍ക്കാര്‍ ആരംഭിച്ചത് ലോകത്തിനു തന്നെ മാതൃകയാണ്.
റോയല്‍ മെയിലും ജലവിതരണവും ഊര്‍ജ്ജ മേഖലയും റെയില്‍വേയും ദേശസാത്കരിക്കുന്നതിനുള്ള ജെറമി കോര്‍ബിന്റെ ആശയം ബ്രിട്ടീഷ് ജനത കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുത്തകകളുടെ ചൂഷണം ഒഴിവാക്കാനായാല്‍ സാധാരണക്കാരും ഇടത്തരക്കാരുമായ ബ്രിട്ടീഷ് ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കും.
ബാങ്ക് ഹോളിഡേകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ലേബര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. പ്രൈമറി സ്‌കൂള്‍ തലം വരെ സൗജന്യ ഭക്ഷണം, പത്ത് ലക്ഷം പുതിയ വീടുകള്‍, ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സൗകര്യം, നഴ്സുമാര്‍ക്ക് ശമ്പള വര്‍ധനവ് തുടങ്ങി സാധാരണക്കാരെ ആകര്‍ഷിക്കുന്ന നൂറുകണക്കിന് വാഗ്ദാനങ്ങളാണ് ലേബര്‍ പാര്‍ട്ടി നല്‍കുന്നത്.
ജനോപകാരമായ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ഉയര്‍ന്ന വരുമാനമുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കാന്‍ ലേബര്‍ പാര്‍ട്ടി പദ്ധതിയിടുന്നു. 80,000ത്തിനു മുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് പിന്നീടു വരുന്ന ഓരോ പൗണ്ടിനും 50% നികുതിയും ഏര്‍പ്പെടുത്താനാണ് ലേബര്‍ പാര്‍ട്ടിയുടെ നീക്കം. എന്തായാലും ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങള്‍ സാധാരണക്കാരന് അനുകൂലമായ നിര്‍ദ്ദേശങ്ങളുമായി വരുവാന്‍ കണ്‍സര്‍വേറ്റീവുകളെയും പ്രേരിപ്പിക്കും.
Leave a Reply