ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏപ്രിൽ മുപ്പതാം തീയതി യുകെയിലെ 24 ലോക്കൽ കൗൺസിലുകളിലേയ്ക്കും 6 മേയർ സ്ഥാനങ്ങളിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികൾ യുകെ രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് തിരി കൊളുത്തുമെന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ റീഫോം യുകെ വൻ മുന്നേറ്റമാണ് നടത്തിയത്. കൂടാതെ എംപി സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ സിറ്റിംഗ് സീറ്റും റീഫോം യുകെ പിടിച്ചെടുത്തിരുന്നു. ഭരണപക്ഷമായ ലേബർ പാർട്ടിയും മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തങ്ങളുടെ അടിവേരുകൾ ഇളകുന്നതിന്റെ തിരിച്ചറിവിലാണെന്നത് അവരുടെ തന്നെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാം.
റീഫോം യുകെ ഭാവിയിൽ അധികാരത്തിലെത്തിയാൽ യുകെ മലയാളികളെയും അതിലുപരി യുകെലേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവരെയും എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് മലയാളം യുകെ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിലുപരി നിലവിലെ സാഹചര്യങ്ങൾ തന്നെ ഒട്ടേറെ മാറ്റങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം തിരി കൊളുത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതായത് റീഫോം യുകെയുടെ കടന്നു കയറ്റത്തെ തടയിടാൻ കുടിയേറ്റ വിരുദ്ധ നയങ്ങൾ കൂടുതൽ ശക്തമാക്കാൻ ലേബർ പാർട്ടി സർക്കാർ നിർബന്ധിതരായി കൊണ്ടിരിക്കുകയാണ്.
റീഫോം യുകെയുടെ മിന്നുന്ന വിജയം ആദ്യം ബാധിക്കുന്നത് വിദ്യാർത്ഥി വിസയിൽ എത്തിയവരെയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ വിസയ്ക്കായി അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ ഭാവിയെ കുറിച്ച് ഒട്ടേറെ ചോദ്യചിഹ്നങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പുതിയ ധവളപത്രം മെയ് പാതിയോട് ലേബർ സർക്കാർ പുറത്തിറക്കും. നിലവിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലികൾ അതിൽ പ്രതിഫലിക്കാനാണ് സാധ്യത. യുകെയിലെ നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിനും വിസ സമ്പ്രദായത്തിന്റെ ദുരുപയോഗമാണെന്ന് പറയുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള നിർദ്ദേശങ്ങൾ സർക്കാർ ഈ മാസം അന്തിമമാക്കുകയാണ്. 2024 ൽ യുകെയിൽ അഭയം തേടുന്ന 108,000 പേരിൽ 16,000 പേർക്ക് വിദ്യാർത്ഥി വിസ ഉണ്ടായിരുന്നതായി കാണിക്കുന്ന കണക്കുകൾ മാർച്ചിൽ ഹോം ഓഫീസ് പ്രസിദ്ധീകരിച്ചു. കുറഞ്ഞ ശമ്പളമുള്ള ജോലികൾ ഏറ്റെടുത്ത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുകെയിൽ തുടരുന്നത് തടയാനുള്ള വഴികളും മന്ത്രിമാർ പരിശോധിക്കുന്നുണ്ട്. അത്തരമൊരു നീക്കത്തിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഫീസിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന സർവകലാശാലകളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരാനുള്ള സാധ്യതയുമുണ്ട്.
Leave a Reply