ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കുറവ് ഭയാനകമെന്ന് പുതിയ കണക്കുകള്‍. ഒരു ലക്ഷത്തിലേറെ ജീവനക്കാരുടെ കുറവാണ് എന്‍എച്ച്എസ് നേരിടുന്നതെന്നാണ് പുതിയ വിശകലനം വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ചരിത്രത്തില്‍ ആദ്യമായി 10,000 കടന്നു. നഴ്‌സുമാരുടെ പോസ്റ്റുകള്‍ 40,000 കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ബജറ്റ് വെട്ടിക്കുറയ്ക്കുകയും ജോലി സാഹചര്യങ്ങള്‍ മോശമാകുകയും ചെയ്തതോടെ ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൂചന.
ഏകദേശം പത്തിലൊന്ന് പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. വിന്റര്‍ പ്രതിസന്ധി ഏറ്റവും രൂക്ഷമായ സമയത്താണ് എന്‍എച്ച്എസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ജീവനക്കാരുടെ ക്ഷാമത്തെയാണെന്ന വിവരവും പുറത്ത് വരുന്നത്. വിന്ററിന്റെ ആദ്യ ആഴ്ചകളില്‍ത്തന്നെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്‍എച്ച്എസ് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ 2027ഓടെ 1,90,000 ജീവനക്കാര്‍ കൂടുതലായി വേണ്ടിവരുമെന്ന് ഹെല്‍ത്ത് എജ്യുക്കേഷന്‍ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ 80ലേറെ എന്‍എച്ചഎസ് ട്രസ്റ്റുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ലേബറാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. എന്‍എച്ച്എസ് ജീവനക്കാരോടുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സമീപനം ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഒരേപോലെ ദോഷകരമാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.
Leave a Reply