ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒക്ടോബർ 30-ാം തീയതി ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ കുറിച്ചുള്ള ചൂടു പിടിച്ച ചർച്ചകളാണ് യുകെയിൽ ഉടനീളം നടക്കുന്നത് . കഴിഞ്ഞ കുറെ നാളുകളായി വർധിച്ചുവരുന്ന ധനകാര്യ കമ്മിയെ തരണം ചെയ്യാനായി നികുതി ഇനങ്ങളിൽ എത്രമാത്രം വർദ്ധനവ് ചാൻസിലർ കൊണ്ടുവരുമെന്നത് യുകെ മലയാളികളുടെ ഇടയിലുള്ള വൻ ചർച്ചാവിഷയമായിരുന്നു.
എന്നാൽ ശമ്പളം മേടിക്കുന്ന തൊഴിലാളികളെ ബാധിക്കുന്ന രീതിയിൽ നികുതി വർദ്ധനവ് ഉണ്ടാകില്ലെന്ന് ചാൻസിലറുടെ പ്രഖ്യാപനം ശുഭ സൂചനയായാണ് യുകെ മലയാളികൾ അടക്കമുള്ളവർ കാണുന്നത്. അധ്വാനിക്കുന്ന ജനങ്ങളുടെ നികുതി വർദ്ധിപ്പിക്കില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തോട് നീതി പുലർത്തുമെന്ന് ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ ഇന്ന് രാവിലെ പറഞ്ഞു. 15 വർഷത്തിനിടയിലെ ലേബർ പാർട്ടി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഏകദേശം 40 മില്യൺ പൗണ്ടിന്റെ നികുതി വർദ്ധനവ് ചെലവ് ചുരുക്കലും ഉൾപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
വീടുകളും ഫ്ലാറ്റുകളും മറ്റ് സ്ഥലങ്ങളും വസ്തുക്കളും വാങ്ങുമ്പോൾ അടയ്ക്കുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി . നിലവിൽ വീട് വാങ്ങുന്നവർ, അവർ വാങ്ങുന്ന വസ്തുവിന് £250,000-ൽ താഴെ മൂല്യമുണ്ടെങ്കിൽ നികുതി അടക്കേണ്ടതില്ല . എന്നാൽ ഈ പരിധി കുറച്ചാൽ വീട് വാങ്ങുന്ന മലയാളികൾ കൂടുതൽ നികുതി അടയ്ക്കേണ്ടതായി വരും. എൻഎച്ച്എസ് ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾക്കായുള്ള ധനസഹായം വർധിപ്പിക്കുന്നതിനായി ദേശീയ ഇൻഷുറൻസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ഇതിനു പുറമേ തൊഴിലുടമകൾ നികുതി അടയ് ക്കേണ്ട പരുധി കുറയ്ക്കാനുള്ള തീരുമാനവും ബഡ്ജറ്റിൽ അവതരിപ്പിക്കും. രണ്ട് നടപടികളും ചേർന്ന് ഏകദേശം 20 ബില്യൺ പൗണ്ട് സമാഹരിക്കാനാകും എന്നാണ് കരുതുന്നത്. ബഡ്ജറ്റിൽ കൂടി ലക്ഷ്യമിടുന്ന വരുമാന സമാഹരണത്തിന് ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഈ രണ്ട് കാര്യങ്ങളിൽ നിന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
നാഷണൽ ഇൻഷുറൻസ് ഉയർത്തുന്നതിന് പ്രധാന ലക്ഷ്യം എൻഎച്ച്എസിൻ്റെ പുനരുദ്ധാരണവും ജീവനക്കാരുടെ അഭാവം പരിഹരിക്കലുമാണ്. കൂടുതൽ ധനസഹായം എൻഎച്ച്എസിന് ലഭിക്കുന്നതിലൂടെ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിനുമുള്ള നടപടികൾക്ക് ആക്കം കൂട്ടാനും സാധിക്കും . ഇത് ഒരു പരുധി വരെ മലയാളി നേഴ്സുമാർക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
Leave a Reply