ഹൃദയം നിറച്ച് സ്വീകരണം….. പൊട്ടിക്കരഞ്ഞ് ഡോക്ടർ, കോവി‍ഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ തീവ്രപരിചരണ വാർഡിൽ ദിവസങ്ങളോളം ഡ്യൂട്ടി നോക്കി മടങ്ങിയ ഒരു വനിതാ ഡോക്ടറെ കുടുബാംഗങ്ങളും പരിസരവാസികളും സ്വീകരിക്കുന്നതാണ് വിഡിയോയയിൽ കാണുന്നത്.

പ്ലക്കാർഡുകൾ പിടിച്ചും പുഷ്പങ്ങൾ വര്‍ഷിച്ചുമാണ്‌ ഡോക്ടറെ അവർ സ്വീകരിക്കുന്നത്. വീടിനു മുന്നിൽ തന്നെ വരവേൽക്കാനെത്തിയവരെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ട് ഡോക്ടർക്ക്. അവർ പൊട്ടിക്കരയുന്നതും ഒരു ബന്ധു ചേർത്തു പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റർ പേജിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ‘ഇതുപോലെയുള്ള നിമിഷങ്ങൾ ഹൃദയത്തെ സന്തോഷം കൊണ്ടു നിറയ്ക്കും. ഇതാണ് ഇന്ത്യയുടെ ചൈതന്യം. നമ്മൾ സധൈര്യം കോവിഡിനെതിരെ പോരാടും. ആ പോരാട്ടത്തിന്റെ മുൻ‌നിരയിൽ‌ പ്രവർത്തിക്കുന്നവരെക്കുറിച്ച് നമ്മൾ എന്നും അഭിമാനം കൊള്ളും’– മോദി ട്വിറ്ററിൽ കുറിച്ചു.

 

പ്രതിരോധത്തിനായി രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ഒരുപറ്റം ആരോഗ്യപ്രവർത്തകരുടെ സംഘമാണ് സ്വജീവൻ പോലും നോക്കാതെ രോഗത്തെ രാജ്യത്തു നിന്നു തുടച്ചു നീക്കാൻ മണിക്കൂറുകളോളം പിപിഇ കിറ്റുകൾക്കും മുഖാവരണങ്ങൾക്കുമുള്ളിൽ അഹോരാത്രം പ്രവർത്തിക്കുന്നതും. എന്നാൽ ഇവർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നുണ്ടോ എന്നത് മിക്കപ്പോഴും ചോദ്യചിഹ്നമാണ്. കോവിഡ് വാർഡിൽ നിന്ന് വീടുകളിലേക്ക് എത്തുന്ന പലരും തിക്താനുഭവൾ പങ്കുവയ്ക്കുമ്പോഴും അതിൽ നിന്നു വ്യത്യസ്തമാവുകയാണ് ഈ വീഡിയോ… ഇതുപോലെയുള്ള നിമിഷങ്ങൾ കാണുമ്പോൾ ഉറപ്പിക്കാം…. നമ്മൾ കോവിഡിനെ അതിജീവിക്കും