ഇന്ന് മാതൃദിനം. ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ഗോപിക, ദേവിക, ഗോപീഷ് എന്നിവർക്ക് ഈ മാതൃദിനം ഒരിക്കലും മറക്കാനാവില്ല. കാരണം കഴിഞ്ഞ ദിവസം നഷ്ടമായ അവരുടെ അമ്മ ലാലി ഈ മാതൃദിനത്തിൽ പലർക്കും പുതുജീവനായി മാറി. ഈ അമ്മ ആയിരങ്ങൾക്ക് ലാലിടീച്ചറാണ്. ആയിരങ്ങളുടെ ജീവിതത്തിൽ അക്ഷരവെളിച്ചം പകർന്ന ലാലിടീച്ചർ ഇനി അഞ്ചു പേരുടെ ജീവന്റെ തുടിപ്പായി നിറയുമെന്ന വാർത്തയാണ് മലയാളികളുടെ മാതൃദിനത്തെ മഹത്തരമാക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ടീച്ചറുടെ മസ്തിഷ്കമരണം. പാവപ്പെട്ട കുട്ടികളോടുള്ള കരുതലും സ്നേഹവുമെല്ലാമാണു ലാലിടീച്ചറെ കുട്ടികൾക്കു പ്രിയപ്പെട്ട ടീച്ചറാക്കി മാറിയത്. ഒടുവിൽ മസ്തിഷ്കമരണം സംഭവിച്ചപ്പോഴും ആ ജീവിതം മറ്റുള്ളവർക്കു പുതുജീവനായി. ലാലിടീച്ചറുടെ ഹൃദയം ഇനി ഭൂതത്താൻകെട്ട് സ്വദേശിനി ലീനയിൽ തുടിക്കും.
തിരുവനന്തപുരം പൗണ്ട്കടവ് ഗവണ്മെന്റ് എൽപി സ്കൂൾ അധ്യാപികയായ ചെന്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാറി(50)നെ കഴിഞ്ഞ നാലിന് പെട്ടെന്ന് രക്തസമ്മർദം കൂടിയതിനെ തുടർന്നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനു ടെസ്റ്റ് നടത്തി മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ലാലിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിനു തയാറായി. ഹൃദയത്തിനു പുറമേ വൃക്കകളും കണ്ണുകളും ദാനം ചെയ്തു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കോതമംഗലം ഭൂതത്താന്‍കെട്ട് ശങ്കരത്തില്‍ ഷിബുവിന്റെ ഭാര്യ ലീന(49)യ്ക്കാണു ഹൃദയം നൽകിയത്.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ തിരുവനന്തപുരം ഗവണ്മെന്റ് കണ്ണാശുപത്രിക്കും നൽകി.
ലാലിയുടെ ശരീരത്തിൽനിന്നു ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ ഇന്നലെ രാവിലെ പതിനൊന്നോടെ കിംസ് ആശുപത്രിയിൽ ആരംഭിച്ചു. ഇതിനായി കൊച്ചി ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ രാവിലെതന്നെ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 2.35 ഓടെ ഹൃദയവുമായി ആംബുലൻസ് കിംസ് ആശുപത്രിയിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്. വിമാനത്താവളത്തിൽനിന്നു ഹൃദയമടങ്ങിയ പെട്ടിയും ഡോക്ടർമാർ ഉൾപ്പെട്ട സംഘവുമായി 3.05ന് ആണ് ഹെലികോപ്റ്റർ പറന്നുയർന്നത്.
ഉള്ളൂരിൽ ബിസിനസ് നടത്തുന്ന ഗോപകുമാറാണ് ലാലിയുടെ ഭർത്താവ്. ഗൾഫിൽ നഴ്സാണ് ഗോപിക, ബിഎച്ച്എംഎസ് വിദ്യർഥിനിയാണ് ദേവിക, ബിടെക് വിദ്യാർഥിയാണ് ഗോപീഷ്. ലാലിയുടെ ഹൃദയം ലീനയില്‍ സ്പന്ദിച്ചുതുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ്. 3.55ന് കൊച്ചി ബോള്‍ഗാട്ടിയിലെ സ്വകാര്യഹോട്ടലിന്റെ ഹെലിപ്പാഡിൽ ഇറക്കിയ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം ലിസി ആശുപത്രിയിലെത്തിയ ഉടൻ ശസ്ത്രക്രിയ ആരംഭിച്ചു. അഞ്ചു മിനിറ്റുകൊണ്ടു ഹൃദയം ലിസിയിലെത്തിക്കാന് സിറ്റി പോലീസ് വഴിയൊരുക്കി. 4.30 ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. 6.12ന് ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പര്യവസാനിച്ചു.
ലിസി ആശുപത്രിയിലെ 27-ാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്. ലിസി ആശുപത്രിയിലെ ക്രമീകരണങ്ങൾക്ക് ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന് നേതൃത്വം നല്കി.
Leave a Reply