ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലങ്കാഷയർ : ഇംഗ്ലണ്ടിലെ പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച മുതൽ വെരി ഹൈ അലേർട്ട് ലെവലിലേക്ക് മാറാൻ ലങ്കാഷയർ സമ്മതം അറിയിച്ചു. വീടിനുള്ളിൽ ഉള്ള കൂടിച്ചേരലിന് നിരോധനം, പബ്ബുകളും റെസ്റ്റോറന്റുകളും അടഞ്ഞുകിടക്കും, പ്രദേശത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിന് പ്രത്യേക മാർഗ്ഗനിർദേശങ്ങൾ എന്നിവ ടയർ 3 പ്രദേശത്തു നടപ്പിലാക്കും. എന്നിരുന്നാലും, ലിവർപൂൾ സിറ്റി റീജിയനിൽ നിന്ന് വ്യത്യസ്തമായി ജിമ്മുകളും ഒഴിവുസമയ കേന്ദ്രങ്ങളും അടയ്‌ക്കില്ല. കരാർ സംബന്ധിച്ച് ഡൗണിംഗ് സ്ട്രീറ്റിന്റെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടായില്ലെന്ന് ചില പ്രാദേശിക കൗൺസിൽ നേതാക്കൾ പരാതിപ്പെട്ടു. എന്നാൽ പ്രാദേശിക നേതാക്കളുമായി സർക്കാർ ശക്തമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. നോർത്ത് വെസ്റ്റ് ഇംഗ്ലീഷ് കൗണ്ടിയിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇത് പ്രവർത്തിക്കേണ്ട സമയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലാക്ക്ബേൺ, ബ്ലാക്ക്പൂൾ, ബർൺലി, ലാൻകാസ്റ്റർ, പ്രെസ്റ്റൺ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ 15 ലക്ഷം ആളുകളെ പുതിയ നിയന്ത്രണങ്ങൾ ബാധിക്കും.
വൈറസിനെ തടയാൻ പര്യാപ്തമല്ലാത്ത ഒരു കരാർ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതരായെന്ന് പ്രസ്റ്റൺ, പെൻഡിൽ, സൗത്ത് റിബിൾ കൗൺസിലുകളിലെ ലേബർ നേതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു. ടയർ 3 ലേയ്ക്ക് നീങ്ങാൻ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് സൗത്ത് റിബിളിലെ പോൾ ഫോസ്റ്റർ പറഞ്ഞു. “സർക്കാരുമായുള്ള ചർച്ചകൾ കൂടുതൽ കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്. നിയന്ത്രണങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ കഠിനമായ നടപടികൾ ഞങ്ങളുടെ മേൽ ചുമത്തുമെന്ന് അവർ പറഞ്ഞു.” ഫോസ്റ്റർ കൂട്ടിച്ചേർത്തു. എന്നാൽ പ്രാദേശിക പരിശോധനയ്ക്കും ട്രേസിംഗിംനും ലങ്കാഷെയറിന് കൂടുതൽ പിന്തുണ നൽകുമെന്നും രോഗവ്യാപനം തടയാൻ പ്രത്യേക ടീമിനെ ഒരുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് ലങ്കാഷെയർ കൗണ്ടി കൗൺസിലിന്റെ കൺസർവേറ്റീവ് നേതാവ് ജെഫ് ഡ്രൈവർ പറഞ്ഞു. ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ, കാസിനോകൾ, ബിങ്കോ ഹാളുകൾ, ബെറ്റിങ് ഷോപ്പുകൾ, സോഫ്റ്റ് പ്ലേ ഏരിയകൾ എന്നിവയും ലങ്കാഷെയറിൽ അടച്ചിടും.
ലങ്കാഷെയർ ജിമ്മുകൾ തുറന്നിടാൻ അനുവദിക്കുന്നതും ലീവർപൂളിൽ അടച്ചിടുന്നതുമായ നടപടിയിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ലിവർപൂൾ മേയർ ജോ ആൻഡേഴ്സൺ ട്വീറ്റ് ചെയ്തു. എന്നാൽ ജിമ്മുകൾ അടയ്ക്കണോ എന്ന് പ്രാദേശിക നേതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനുമുമ്പ് ദുരിതബാധിതരായ ആളുകൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും ഇപ്പോൾ വെരി ഹൈ, ഹൈ അലേർട്ട് ലെവലുകളിലാണ് ജീവിക്കുന്നത്. അതേസമയം, വെയിൽസ് രണ്ടാഴ്ചത്തെ ദേശീയ ലോക്ക്ഡൗൺ നേരിടേണ്ടിവരുമെന്ന് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. ആരോഗ്യ ഉദ്യോഗസ്ഥർ, ശാസ്ത്ര ഉപദേഷ്ടാക്കൾ, കൗൺസിലുകൾ എന്നിവരുമായി വാരാന്ത്യത്തിൽ ചർച്ചകൾ തുടരുന്നതിനാൽ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply