ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോസ് ആഞ്ചൽസ് : ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ‘മാർസ് 2020 പെർസെവെറൻസ്’ ദിവസങ്ങൾക്കുള്ളിൽ ചൊവ്വയിലിറങ്ങും. നാസയുടെ ചൊവ്വാ പര്യവേക്ഷണ വാഹനം ആറര മാസത്തെ യാത്രയ്ക്ക് ശേഷം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്നതിനിടെയുള്ള റേഡിയോ സന്ദേശം അയക്കാൻ ഇത് തയ്യാറായിട്ടുണ്ട്. ഈ സന്ദേശം 20.4 കോടി കിലോമീറ്റർ ദൂരെ ലോസ് ആഞ്ചലിസിലെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ എത്തുമ്പോഴേക്കും പെർസവിറൻസ് ചൊവ്വാ ഗ്രഹത്തിൽ ഇറങ്ങിയിരിക്കും. ആറ് ചക്രങ്ങളുള്ള റോവർ ചൊവ്വയിലെ അന്തരീക്ഷത്തിന്റെ മുകളിൽ നിന്ന് ഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് ഇറങ്ങാൻ ഏഴ് മിനിറ്റ് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനിടയിൽ അയക്കുന്ന റേഡിയോ സന്ദേശം ഭൂമിയിലെത്താൻ 11 മിനിറ്റ് വേണ്ടിവരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെർസെവെറൻസ് പേടകം സ്വയം ചെയ്യുന്ന ഈ ലാന്റിങ് പ്രക്രിയയെ ‘ഭീകരതയുടെ ഏഴ് മിനിറ്റുകൾ’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. 270 കോടി ചിലവാക്കിയുള്ള ഈ പദ്ധതിയുടെ ഏറ്റവും അപകടകരമായതും നിർണായകവുമായ ഘട്ടമാണിതെന്ന് ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി മേധാവി അൽ ചെൻ പറഞ്ഞു. 1026 കിലോഗ്രാം ഭാരവും 10 അടി നീളവുമുള്ള റോവർ നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലുതും ഭാരമേറിയതുമായ റോബോട്ടിക് മാർസ് റോവറാണ്. ഫെബ്രുവരി 18 ന് ജെസേറോ ഗർത്തത്തിലാണ് പെർസവറൻസ് ഇറങ്ങുക. ‘ഇൻജെന്യുയിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ഒരു ചെറിയ ഹെലികോപ്റ്ററും പെർസവറൻസ് വഹിക്കുന്നുണ്ട്.

നാസ നിർമിച്ചതിൽ ഏറ്റവും സങ്കീർണമായതും വലുതും ഭാരമേറിയതുമായ പേടകമാണ് ചൊവ്വയിലെ അപകടം നിറഞ്ഞ സ്ഥലത്ത് ഇറക്കാൻ ശ്രമിക്കുന്നത്. വിജയം ഒരിക്കലും ഉറപ്പിക്കാനാവില്ലെന്ന് അടുത്തിടെ നടന്ന പത്രസമ്മേളത്തിൽ ചെൻ പറഞ്ഞിരുന്നു. എന്നാൽ ഭീകരതയുടെ ഏഴു മിനിറ്റുകൾ താണ്ടി വാഹനം ചൊവ്വയിൽ ഇറങ്ങിയാൽ അതൊരു ചരിത്ര നിമിഷമാകും. സുരക്ഷിതമായ ലാന്റിങ് എന്ന കടമ്പ കടന്നാൽ അത് മനുഷ്യന്റെ ഭാവി ചൊവ്വാ ദൗത്യങ്ങളിലേക്കുള്ള വാതിൽ തുറക്കും.