ബാങ്കോക്ക്: ശക്തമായ മഴയെ തുടർന്ന് തെക്ക് കിഴക്കൻ ലാവോസിലെ ഡാം തകർന്ന് 600ലേറെ ആളുകളെ കാണാതായി. കംബോഡിയൻ അതിർത്തിയിലെ അറ്റാപ്പൂ പ്രവിശ്യയിൽ ഹൈഡ്രോപവർ പ്രോജക്ടിന്റെ ഭാ​ഗമായി നിർമ്മിച്ച ഡാമാണ് തകർന്നത്. ഷെ-പിയാൻ ഷെ നാംനോയി എന്ന് പേരിട്ടിരിക്കുന്ന ഡാമിന്റെ നിർമ്മാണം പൂർത്തിയായിരുന്നില്ല. അപകടത്തിൽ ആറോളം ​ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 6000ത്തിലധികം വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. 7500ലധികം വീടുകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചതായിട്ടാണ് വിവരം. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി സൗത്ത് കൊറിയൻ കമ്പനിയാണ് ഡാം നിർമ്മിച്ചിരുന്നത്. ഡാമിലെ പ്രശ്നങ്ങൾ രണ്ട് ദിവസം മുൻപ് തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി കമ്പനി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് അഞ്ഞൂറ് കോടി ക്യുബിക് മീറ്റർ വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. ഡാമിന്റെ സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന ​ഗ്രാമങ്ങളെല്ലാം ഡാമിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിൽ മുങ്ങി. കാണാതായവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

2013ലാണ് ഡാമിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 2019ൽ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കാനായിരുന്നു ശ്രമം. 770 മീറ്റർ നീളവും 16 മീറ്റർ ഉയരവുമുള്ള അണക്കെട്ടിൽ നിന്ന് ഏതാണ്ട് 410 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാൻ കഴിയുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ ഡാമിന്റെ ചില ഭാ​ഗങ്ങളിൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ വ്യക്തമാക്കുന്നു. രണ്ട് ദിവസം മുൻപ് ചോർച്ചയും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 7000ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് കരുതുന്നത്.