വേയ്‌ലാന്‍ഡ്: ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തടവുകാര്‍ക്ക് അനുവാദമില്ല. ഒളിച്ചു കടത്തിയ ഫോണുകള്‍ തടവുകാര്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇത് നിയമവിരുദ്ധമാണ്. പക്ഷേ യുകെയിലെ വേയ്‌ലാന്‍ഡിലെ ജയിലില്‍ ഇത് നിയമവിധേയമാണ്. ഇവിടത്തെ തടവുകാര്‍ക്ക് മൊബൈല്‍ ഫോണു ലാപ്‌ടോപ്പുമൊക്കെയാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം തെരഞ്ഞെടുക്കാനും ജയില്‍ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുമൊക്ക് ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ബന്ധുക്കളെ വിളിക്കാനായി സെല്‍ഫോണുകളും നല്‍കിയിരിക്കുകയാണ്.
നോര്‍ഫോക്കില്‍ സ്ഥിതിചെയ്യുന്ന എച്ച്എംപി വേയ്‌ലാന്‍ഡ് ഒരു കാറ്റഗറി സി ജയിലാണ്. 100 ജീവപര്യന്തം തടവുകാരുള്‍പ്പെടെ 1000 തടവുകാരാണ് ഇവിടെയുള്ളത്. ജയിലിന്റെ ഡിജിറ്റലൈസേഷന്‍ പരിപാടിയുടെ ഭാഗമായാണ് ഈ സൗകര്യങ്ങള്‍ തടവുകാര്‍ക്ക് അനുവദിച്ചിരിക്കുന്നത്. എച്ച്എം ഇന്‍സ്‌പെക്ടറേറ്റ് ഓഫ് പ്രിസണ്‍സ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കുക, ജയില്‍ ഷോപ്പില്‍ നിന്ന് ഭക്ഷണവും മറ്റും ഓര്‍ഡര്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ലാപ്‌ടോപ്പ് ഉപയോഗിച്ചാണ് തടവുകാര്‍ ചെയ്യുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കിയിട്ടില്ല.
മോശം പെരുമാറ്റത്തിന് ശിക്ഷയായി ഇവരുടെ നെറ്റ്ബുക്ക് തിരികെ വാങ്ങാറുണ്ടെങ്കിലും കമ്യൂണല്‍ വിംഗിലെ കിയോസ്‌കുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാം. 2013ല്‍ നടത്തിയ പരിശോധനകള്‍ക്കു ശേഷം ഇവിടെ തടവുകാരുടെ ഉപയോഗത്തിനായി ഫോണ്‍ സ്ഥാപിച്ചിരുന്നു. ഇത്തരം ഗാഡ്ജറ്റുകളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും തടവുകാരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Reply