ന്യൂഡല്‍ഹി: ഹിമാലയന്‍ മേഖലയെ കാത്തിരിക്കുന്നത് വിനാശകാരിയായ വന്‍ ഭൂകമ്പമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് അതിശക്തമായ ഭൂകമ്പത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയത്. റിക്ടര്‍ സ്‌കെയിലില്‍ 8.2 വരെ തീവ്രത രേഖപ്പെടുത്തിയേക്കാവുന്ന അതി ശക്തമായ ഭൂകമ്പമാണ് ഹിമാലയ മേഖലയില്‍പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോള്‍ തന്നെ ശക്തമായ വിള്ളലുകളാല്‍ പ്രകമ്പനം കൊള്ളുന്ന ഭൂമിയുടെ ഭൂഖണ്ഡ ഫലക ഭാഗമാണ് ഹിമാലയന്‍ ഫലകങ്ങള്‍. മണിപ്പൂരില്‍ തിങ്കളാഴ്ച ഉണ്ടായ 6.7 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ രീതിയിലുള്ള സമാനമായ ഭൂകമ്പങ്ങള്‍ മേഖലയില്‍ ഭാവിയിലും ഉണ്ടാവും. മണിപ്പൂരില്‍ 6.7 (ജനുവരി 2016), നേപ്പാള്‍ 7.3 (2015 മേയ്), സിക്കിം 6.9 (2011) എന്നിങ്ങനെയാണ് ഹിമാലയന്‍ മേഖലയില്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കിടയിലുണ്ടായ ഭൂചലനങ്ങളുടെ തീവ്രത. ഈ ശക്തമായ ഭൂകമ്പങ്ങള്‍ മൂലം ഭൗമാന്തര്‍ ഭാഗത്തും പ്രതലത്തിലും ഉണ്ടായിരിക്കുന്ന വിള്ളലുകള്‍ തുടര്‍ ചലനങ്ങള്‍ക്കിടയാക്കുമെന്നും വിദഗ്ധര്‍ കരുതുന്നു. ഭൗമാന്തര്‍ ഭാഗത്തെ ഫലകങ്ങള്‍ തെന്നി മാറുന്നതിന്റെ ഭാഗമായി തുടര്‍ ചലനങ്ങളും ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
റിക്ടര്‍ സ്‌കെയിലില്‍ 8.0 വരെ തീവ്രത രേഖപ്പെടുത്തുന്ന അതി ശക്തമായ തുടര്‍ ചലനങ്ങള്‍ ഹിമാലയന്‍ മേഖലയില്‍ ഉണ്ടാകുമെന്നാണ് ഭൗമ ശാസ്ത്രജ്ഞര്‍ കരുതുന്നത്. പര്‍വ്വത നിരകള്‍ക്ക് സമീപമുള്ള വടക്കേ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം ദേശീയ ദുരന്ത നിവാരണ സേന നല്‍കിയിട്ടുണ്ട്. പ്രവചിക്കാനാകാത്ത ദുരന്തമാണ് ഇത്തരത്തിലൊരു ഭൂകമ്പമുണ്ടായാല്‍ രാജ്യം നേരിടേണ്ടി വരിക. ബീഹാര്‍, യു.പി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളും ഏറ്റവും ദുര്‍ബലമായ ഭൂകമ്പസാധ്യത മേഖല നാലില്‍ പെടുന്നവയാണ്.
നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, ഇന്ത്യ എന്നിവിടങ്ങളിലേത് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഭൂഖണ്ഡ ഫലകങ്ങളാണ്. ഇവ അപകടകരമായ അവസ്ഥയിലാണെന്ന് എന്‍ഐഡിഎം ഡയറക്ടര്‍ സന്തോഷ് കുമാര്‍ അറിയിച്ചു. നിലവിലെ സ്ഥിതി പ്രകാരം തുടര്‍ച്ചയായ 4 ഭൂചലനങ്ങള്‍ അതും റിക്ടര്‍ സ്‌കെയിലില്‍ 8.0ത്തിന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്നത് ഉണ്ടാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് ലോകത്തെ പ്രമുഖ ഭൗമശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കുന്നു. നൂറ്റാണ്ടുകളായി ശേഖരിക്കപ്പെട്ടിട്ടുള്ള ഉര്‍ജ്ജത്തിന്റെ ബഹിര്‍ഗമനം വന്‍ നാശം വിതയ്ക്കുമെന്നാണ് ആശങ്ക.