ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ബ്രിട്ടീഷ് വംശജരെ ഒഴിപ്പിക്കുന്ന രക്ഷാകരദൗത്യം അവസാനഘട്ടത്തിലെത്തി. സുഡാനിലെ വാദി സെയ്‌ഡ്‌ന എയർഫീൽഡിൽ നിന്ന് പറന്നുയർന്ന അവസാന രക്ഷാ വിമാനവും എത്തിചേർന്നതായി യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ 1888 ബ്രിട്ടീഷ് പൗരന്മാരെയാണ് കലാപ ഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.


72 മണിക്കൂർ വെടിനിർത്തൽ ശനിയാഴ്ച അവസാനിച്ച സാഹചര്യത്തിൽ വിവിധ സായുധ വിഭാഗങ്ങൾ തമ്മിലുള്ള പോര് സുഡാനിന്റെ തലസ്ഥാനത്ത് ശക്തമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച മുമ്പ് സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. കലാപത്തെ തുടർന്നുള്ള മരണസംഖ്യ 459 ആണ് എന്നാണ് ഔദ്യോഗികമായി പുറത്തു പറയുന്ന കണക്കുകൾ . എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലാണെന്നാണ് കരുതപ്പെടുന്നത്. സംഘർഷം തുടർന്നാൽ ലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശനിയാഴ്ച തന്നെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത് പൂർണമായതായി അമേരിക്കയും അറിയിച്ചിരുന്നു. നാലായിരത്തോളം ബ്രിട്ടീഷ് വംശജർ സുഡാനിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതുവരെ പകുതിയോളം പേരെ മാത്രമേ ഒഴിപ്പിച്ചിട്ടുള്ളൂ. വെടി നിർത്തൽ അവസാനിപ്പിച്ച സാഹചര്യത്തിൽ ഇനി ഒഴിപ്പിക്കൽ നടപടികൾ തുടരാനാവില്ലെന്നാണ് യുകെ സർക്കാർ അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും ഇന്ധനത്തിനും ഷാമം നേരിടുന്ന സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.