മദ്യം കൊടുക്കാത്തതിന് എയര്‍ ഇന്ത്യ വിമാനത്തില്‍ അക്രമം അഴിച്ചുവിടുകയും ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത അഭിഭാഷകയ്ക്ക് ബ്രിട്ടീഷ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷക കൂടിയായ ഐറിഷ് പൗര സൈമണ്‍ ബേണ്‍സാണ് ശിക്ഷിക്കപ്പെട്ടത്.

50കാരിയായ അഭിഭാഷകക്കെതിരെ കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ കോടതി വിധി പറ‌ഞ്ഞത്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ക്ക് മൂന്ന് തവണ ജീവക്കാര്‍ മദ്യം നല്‍കി. പിന്നീടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാന്‍ തയ്യാറാവാതിരുന്നതോടെയാണ് അസഭ്യവര്‍ഷം തുടങ്ങിയത്. താന്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അഭിഭാഷകയാണെന്ന് പറഞ്ഞായിരുന്നു തുടക്കം. മറ്റ് യാത്രക്കാരോടും ഇവര്‍ കയര്‍ത്തു. ടോയ്‍ലറ്റില്‍ പോയി പുകവലിക്കാനൊരുങ്ങി. ഒരു ജീവനക്കാരന്റെ മുഖത്ത് തുപ്പുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ സംഭവങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയിരുന്നു. ചിലര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ആറ് മാസം തടവും മറ്റുള്ളവരെ അപമാനിച്ചതിന് രണ്ട് മാസം തടവുമാണ് കോടതി വിധിച്ചത്. വിമാനത്തിനുള്ളില്‍ ഇത്തരമൊരു പ്രവൃത്തി ഗുരുതരമായ സാഹചര്യവും സുരക്ഷയ്ക്ക് തന്നെ ഭീഷണിയുമാണെന്ന് കോടതി വിലയിരുത്തി. അപമാനിക്കപ്പെട്ട വ്യക്തിക്ക് 300 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. തന്റെ 34 വര്‍ഷത്തെ കരിയറില്‍ ഒരു യാത്രക്കാരി ഇത്രയും മോശമായി പെരുമാറുന്നത് ആദ്യമായിട്ടാണെന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ തന്റെ ബന്ധുവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ഇവര്‍ ലണ്ടനിലേക്ക് വന്നതെന്നും അവിടെ സമയത്ത് എത്തിച്ചേരുമോയെന്നുള്ള ആശങ്കയും മദ്യലഹരിയും കൂടിച്ചേര്‍ന്നരപ്പോഴാണ് മോശമായ പെരുമാറ്റമുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.