സ്വന്തം ലേഖകൻ
യു കെ :- ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിലെ പ്രിയഗാനം ആയി മാറിയ ‘യു വിൽ നെവർ വാക് അലോൺ ‘ എന്ന ഗാനം പാടിയ പ്രശസ്ത ഗായകൻ ജെറി മാർസ്ഡെൻ അന്തരിച്ചു. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. രോഗബാധിതനായത് മൂലമാണ് മരണമെന്നാണ് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചത്.1963 കാലഘട്ടങ്ങളിൽ മാർസ്ഡെന്റെ ബാൻഡ് ലോകത്തിലെ തന്നെ മികച്ച ബാൻഡുകളിൽ ഒന്നായിരുന്നു. ബാൻഡിന്റെ മറ്റൊരു ഹിറ്റായ ‘ഫെറി ക്രോസ്സ് ദി മേഴ്‌സി ‘ എന്ന ഗാനം 1964ലെ ജനഹൃദയങ്ങളിൽ ഇടം നേടി. ഈ ഗാനം മാർസ്ഡെൻ തന്നെ സ്വന്തമായി രചിച്ചതായിരുന്നു.
ഹിൽസ്ബെരോ ദുരന്തത്ത സമയത്തെ അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് 2003 – ൽ അദ്ദേഹത്തെ എം ബി ഇ ( മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ ) ആക്കി ഉയർത്തിയിരുന്നു. ഗുരുതരമായ ബ്ലഡ് ഇൻഫെക്ഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നതായി മകൾ മാധ്യമങ്ങളോട് പറഞ്ഞു. മാർസ്ഡെന്റെ ഈ വാക്കുകൾ എന്നും തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ലിവർപൂൾ എഫ് സി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ലിവർപൂളിൽ തന്നെ ഉണ്ടായിരുന്ന ബീറ്റിൽസ് എന്ന ബാൻഡിന്റെ ഏറ്റവും വലിയ എതിരാളികൾ ആയിരുന്നു മാർസ്ഡെന്റെ ‘ ജെറി ആൻഡ് ദി പേസ്മേക്കർസ് ‘ എന്ന ബാൻഡ്. മാർസ്ഡെൻ നിരവധി ഗാനങ്ങൾ സ്വന്തമായി രചിച്ചിട്ടുമുണ്ട്. 2009- ൽ മാർസ്ഡെനെ ഫ്രീഡം ഓഫ് ലിവർപൂൾ നൽകി ആദരിച്ചു. ലോകത്തിലെ ഫുട്ബോൾ ആരാധകരുടെ മാത്രമല്ല, എല്ലാ ജനങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു ഗായകനായിരുന്നു മാർസ്ഡെൻ
Leave a Reply