ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഡിസംബർ 23 മുതൽ ഡിസംബർ 27 വരെ അഞ്ച് ദിവസത്തേക്ക് യുകെയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാകും. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങൾ ഇന്നലെ നടന്ന കോബ്ര എമർജൻസി കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്തു. പരമാവധി മൂന്ന് വീടുകൾക്ക് ‘ക്രിസ്മസ് ബബിൾ’ രൂപീകരിക്കാനും പരസ്പരം കണ്ടുമുട്ടാനും സാധിക്കും. സ്വകാര്യ വീടുകളിലും ഔട്ട്‌ഡോർ ഇടങ്ങളിലും ആരാധനാലയങ്ങളിലും ഒത്തുകൂടാൻ അനുവദിക്കും. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്കിടയിലുള്ള യാത്രകളും ഇംഗ്ലണ്ടിലെ പ്രാദേശിക നിയന്ത്രണം നേരിടുന്ന മേഖലകളിലേക്കുള്ള യാത്രയും ആ ദിവസങ്ങളിൽ അനുവദിക്കും. എന്നാൽ ‘ക്രിസ്മസ് ബബിളുകൾ’ക്ക് പബ്ബുകളോ റെസ്റ്റോറന്റുകളോ ഒരുമിച്ച് സന്ദർശിക്കാൻ കഴിയില്ല. രോഗവ്യാപനം കുറയ്ക്കുന്നതിനായി, ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിക്കണമെന്ന് നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. 2020ലെ ക്രിസ്മസ് ഒരു സാധാരണ ക്രിസ്മസ് ആയിരിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോർത്തേൺ അയർലൻഡിലേക്കോ അവിടെ നിന്നോ യാത്ര ചെയ്യുന്ന ആർക്കും ഡിസംബർ 22, 28 തീയതികളിൽ യാത്ര ചെയ്യാവുന്നതാണ്. മൂന്നു വീടുകൾ ഉൾകൊള്ളുന്ന ഒരു ബബിൾ രൂപപ്പെട്ടുകഴിഞ്ഞാൽ, അത് മാറ്റുകയോ കൂടുതൽ വിപുലീകരിക്കുകയോ ചെയ്യരുത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന യോഗത്തിലാണ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങളിലെ നേതാക്കൾ ധാരണയിലെത്തിയത്. മാതാപിതാക്കളോടോത്ത് താമസിക്കാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ ക്രിസ്മസ് ബബിലുകളുടെ ഭാഗമാകാം. വീട്ടിലെ സാധാരണ ക്രിസ്മസ് ഒത്തുചേരലാണ് അണുബാധ പടരുന്ന അന്തരീക്ഷമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

അതേസമയം ക്രിസ്മസിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം “മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്താനുള്ള നിർദ്ദേശമല്ല”എന്ന് വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് മുന്നറിയിപ്പ് നൽകി. ക്രിസ്മസ് കാലഘട്ടത്തിൽ കർശനമായ നിയമങ്ങൾ പാലിക്കാൻ ആളുകൾ തയ്യാറാകില്ലെന്ന് വിശ്വസിക്കുന്നതായി ഡ്രേക്ക്ഫോർഡ് പറഞ്ഞു. 25 വയസ്സിന് താഴെയുള്ളവർക്കിടയിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ ക്രിസ്മസ് വരെ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമുണ്ടോ എന്ന് വെൽഷ് മന്ത്രിമാർ കൂടിയാലോചിക്കുകയാണ്. ക്രിസ്മസ് വരെ വരെ വെയിൽസിൽ കർശന നിയന്ത്രണങ്ങൾ മന്ത്രിമാർ പരിഗണിക്കുന്നുണ്ട്. ഈ കരാറിൽ താൻ സന്തുഷ്ടനാണെന്ന് യുകെ സർക്കാരിന്റെ വെൽഷ് സെക്രട്ടറി സൈമൺ ഹാർട്ട് പറഞ്ഞു. എന്നാൽ ക്രിസ്മസ് കാലഘട്ടത്തിൽ തങ്ങളേയും കുടുംബത്തേയും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും തുടരാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.