ന്യൂസ് ഡെസ്ക്, മലയാളം യുകെ

കേരളത്തിലെ വയനാട് ജില്ലയിൽ ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷമുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 352 ആയി. നിരവധി പേരെയാണ് കാണാതായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ്
പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മണ്ണിടിച്ചിൽ ദുരന്തത്തിൽ നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ആണ് തകർന്നത്.

WhatsApp Image 2024-12-09 at 10.15.48 PM


വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിന് അമിതമായി വിനോദസഞ്ചാര അനുബന്ധ പ്രവർത്തനങ്ങൾ വഴി വച്ചതായി പ്രമുഖ ബ്രിട്ടീഷ് പത്രം സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം മാത്രം ഒരു ദശലക്ഷത്തിലധികം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളാണ് വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്. 2011 ലെ ഒരു സർക്കാർ റിപ്പോർട്ട് വയനാട്ടിലെ അനിയന്ത്രിത ടൂറിസത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്നത്തെ കണക്കുകളിൽ വിനോദസഞ്ചാരികളുടെ എണ്ണം നിലവിലേതിനെ അപേക്ഷിച്ച് മൂന്നിലൊന്നു മാത്രം ആയിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ മുണ്ടക്കൈയിലും സമീപപ്രദേശങ്ങളിലും 700 റിസോർട്ടുകളും ഹോംസ്റ്റേകളും ഉണ്ടെന്നാണ് കണക്കുകൾ. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ അമിതവികസനം പ്രകൃതിദുരന്ത സാധ്യതകൾ വർദ്ധിക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചെങ്കിലും പലതും അവഗണിക്കപ്പെട്ടതായി വിമർശനം ഉയർന്നു വന്നിട്ടുണ്ട്.


ഇതിനിടെ വയനാട്ടിലെ ദുരന്തത്തിന് മുഖ്യകാരണം ക്വാറികളും പാറ പൊട്ടിക്കലുമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പ്രതികരിച്ചു. ഇത് മനുഷ്യനിർമ്മിത ദുരന്തമാണെന്നും പ്രദേശത്തെ റിസോർട്ടുകളും അനധികൃത ടൂറിസവും നിയന്ത്രിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടി കാട്ടി. പ്രകൃതിയെ മറന്നുള്ള നിർമ്മാണ പ്രവർത്തനങ്ങളും ക്വാറികൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നതുമാണ് ഉരുൾപൊട്ടലിൻ്റെ മുഖ്യകാരണം. പാറ പൊട്ടിക്കുന്നത് മണ്ണിൻറെ ബലം കുറയ്ക്കുകയും അതിശക്തമായ മഴ വന്നതോടെ അത് ദുരന്തത്തിൽ കലാശിച്ചതുമാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.