ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും 45 സഹപ്രവര്‍ത്തകരുടെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചില്‍ നിന്ന് രാജിവെച്ച ക്യാന്‍സര്‍ വിദഗ്ദ്ധയ്ക്ക് വെല്‍കം ട്രസ്റ്റിന്റെ ഗ്രാന്റ് നഷ്ടമായി. 3.5 മില്യണ്‍ പൗണ്ടിന്റെ ഗ്രാന്റാണ് റദ്ദാക്കിയിരിക്കുന്നത്. ഏഷ്യന്‍ വംശജയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് ഗവേഷക നസ്‌നീന്‍ റഹ്മാനെതിരെ മാസങ്ങള്‍ക്ക് മുന്‍പാണ് സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. പ്രൊഫസര്‍ നസ്‌നീന് നല്‍കി വരുന്ന ഗ്രാന്റ് പിന്‍വലിക്കുകയാണെന്ന് വെല്‍ക്കം ട്രസ്റ്റ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ പുതിയ പോളിസി പ്രകാരമാണ് നടപടി. സ്ഥാപനത്തിന്റെ നടപടിയോട് നസ്‌നീന്‍ പ്രതികരിച്ചിട്ടില്ല.
ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ജനറ്റിക്ക് ആന്റ് എപ്പിഡമിയോളജി മേധാവിയായിരുന്നു നസ്നീന്‍. കീഴ്ജീവനക്കാരില്‍ ചിലര്‍ അവരുടെ പെരുമാറ്റം കാരണം രാജിവെച്ചിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ ഏഷ്യന്‍ വിമണ്‍ ഓഫ് അച്ചീവ്മെന്റ് അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ് നസ്നീന്‍. സ്ഥാപനത്തിലെ ഇവരുടെ പെരുമാറ്റം പല ജീവനക്കാരുടെയും കരിയറിനെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം പ്രൊഫസര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഉണ്ടായത്.
സഹപ്രവര്‍ത്തകരോട് ശത്രുതാപരമായും അപമര്യാദയോടെയും പെരുമാറുന്നത് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. നസ്നീന്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണെന്ന് ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഇത് കണക്കിലെടുത്താണ് ഗ്രാന്റ് നിര്‍ത്തലാക്കാന്‍ വെല്‍ക്കം ട്രസ്റ്റ് തീരുമാനിച്ചതെന്നാണ് വിവരം. രോഗങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തുകയും ജീനുകളെ മനസിലാക്കുകയും ചെയ്യുന്ന ഗവേഷണത്തിനാണ് നസ്നീന്‍ നേതൃത്വം നല്‍കിയിരുന്നത്. മില്യണലധികം പൗണ്ട് ഫണ്ടിംഗുള്ള വലിയ പ്രൊജക്ടുകളിലൊന്നായിരുന്ന ഈ ഗവേഷണം.
Leave a Reply