ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം മെഡിറ്ററേനിയനിൽ കടലിൽ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നവംബർ 17 രാത്രി 10 മണിയോടെയായിരുന്നു സംഭവം. പതിവ് പരീക്ഷണ പറക്കലിൽ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. വിമാനവാഹിനിക്കപ്പലിലെ സുരക്ഷാ ക്യാമറയിൽ പകർത്തിയ അപകടത്തിന്റെ 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെയാണ് പുറത്ത് വന്നത്. പൈലറ്റിനെ രക്ഷപെടുത്തിയെങ്കിലും 100 മില്യൺ പൗണ്ടിന്റെ സ്റ്റെൽത്ത് ജെറ്റ് കടലിൽ തകർന്നു. മറ്റ് കപ്പലുകളോ വിമാനങ്ങളോ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
വിമാനവാഹിനികപ്പലായ എച്ച്എംഎസ് ക്വീൻ എലിസബത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ജെറ്റ് താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നയുടൻ പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് റോയൽ നേവിയുടെ വിമാനവാഹിനിക്കപ്പലിലേക്ക് സുരക്ഷിതമായി തിരിച്ചെത്തി. ഇത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്തുകൊണ്ടാണ് ബ്രിട്ടീഷ് ജെറ്റ് താഴെവീണത് എന്നതിനെ കുറിച്ചും അന്വേഷണം നടത്തിവരുന്നു.
അതീവ നൂതന സ്റ്റെല്‍ത്ത് ടെക്നോളജി ഉപയോഗിക്കുന്ന വിമാനമായതിനാല്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ക്കായി ബ്രിട്ടീഷ് നാവികസേന അന്തര്‍വാഹിനികള്‍ ഉപയോഗിച്ച് തിരച്ചില്‍ ശക്തമാക്കി. അപകടമുണ്ടായെങ്കിലും എച്ച്എംഎസ് ക്വീൻ എലിസബത്ത് വിമാനവാഹിനികപ്പലിന്റെ പരിശീലനം തുടരുകയാണ്. ഇറാഖിലും സിറിയയിലും സൈനിക ദൗത്യങ്ങളില്‍ പങ്കെടുത്തിരുന്ന വിമാനവാഹിനിയാണ് എച്ച്എംഎസ് ക്വീൻ എലിസബത്ത്. കാരിയറിൽ എട്ട് യുകെ എഫ്-35 ബികളും യുഎസ് മറൈൻ കോർപ്‌സിൽ നിന്നുള്ള പത്ത് വിമാനങ്ങളുമുണ്ട്. കപ്പലിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 2000 ടേക്ക് ഓഫുകളും ലാൻഡിംഗുകളും നടത്തിയിട്ടുണ്ട്.
Leave a Reply