ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന യുകെയിൽ ലേണർ ഡ്രൈവർമാർക്ക് തിയറി പരീക്ഷയും പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റും തമ്മിൽ കുറഞ്ഞത് മൂന്ന് മുതൽ ആറുമാസം വരെ പരിശീലന കാലാവധി നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ബുധനാഴ്ച പുറത്തിറക്കുന്ന പുതിയ ദേശീയ റോഡ് സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായാണ് നിർദ്ദേശം. പൊതുചർച്ചയ്ക്ക് (കൺസൾട്ടേഷൻ) ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. വിവിധ കാലാവസ്ഥയിലും റോഡ് സാഹചര്യങ്ങളിലും കൂടുതൽ അനുഭവം നേടാൻ ഈ ഇടവേള സഹായിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. പുതിയ വ്യവസ്ഥ നടപ്പായാൽ ഏറ്റവും ചെറുപ്പത്തിൽ ലൈസൻസ് നേടുന്നവരുടെ പ്രായം 17½ വയസാകും.

അടുത്ത പത്ത് വർഷത്തിനുള്ളിൽ യുകെയിലെ റോഡ് മരണങ്ങളും ഗുരുതര പരുക്കുകളും 65% വരെ കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 16 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇത് 70% ആക്കാനുമാണ് പദ്ധതി. 2024ലെ അപകടങ്ങളിൽ ഏകദേശം അഞ്ചിലൊന്ന് യുവ ഡ്രൈവർമാരുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളിലെ അനുഭവങ്ങൾ പ്രകാരം, നിർബന്ധിത പഠനകാലാവധി അപകടങ്ങൾ 32% വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ കോവിഡ് കാലത്തെ ബാക്ക്‌ലോഗ് മൂലം പ്രായോഗിക ടെസ്റ്റിന് ശരാശരി ആറുമാസത്തോളം കാത്തിരിക്കേണ്ട അവസ്ഥ 2027 വരെ തുടരുമെന്നും അധികൃതർ പറയുന്നു.

പുതിയ റോഡ് സുരക്ഷാ തന്ത്രത്തിൽ ‘ഗ്രാജുവേറ്റഡ് ഡ്രൈവിംഗ് ലൈസൻസ്’ (GDL) സംവിധാനം ഉൾപ്പെടുത്തിയിട്ടില്ലെന്നത് വിമർശനങ്ങൾക്ക് ഇടയാക്കിട്ടുണ്ട് . പുതിയ ഡ്രൈവർമാർക്ക് രാത്രി യാത്രയും സ്വന്തം പ്രായത്തിലുള്ള സഹ യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകന്നതും നിയന്ത്രിക്കുന്നതാണ് GDL. മകളെ അപകടത്തിൽ നഷ്ടപ്പെട്ട ഷാരൺ ഹഡിൽസ്റ്റൺ ഉൾപ്പെടെയുള്ള പ്രവർത്തകർ ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് ആവശ്യപ്പെട്ടിരുന്നു . AA സംഘടന പരിശീലന കാലാവധി നീട്ടാനുള്ള നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും GDL ഒഴിവാക്കിയതിനെ വിമർശിച്ചു. യുവ ഡ്രൈവർമാരുടെ പരിചയക്കുറവ് അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് പ്രാദേശിക ഗതാഗത മന്ത്രി ലിലിയൻ ഗ്രീൻവുഡ് വ്യക്തമാക്കി.











Leave a Reply