ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീഡ്സിലെ രണ്ട് ആശുപത്രികളിലെ മെറ്റേണിറ്റി സർവീസുകളെ നല്ലത് എന്ന വിഭാഗത്തിൽനിന്ന് അപര്യാപ്തം എന്ന നിലയിലേയ്ക്ക് തരംതാഴ്ത്തി. ഈ രണ്ട് ആശുപത്രികളിലെ പ്രസവ ശുശ്രൂഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും അപകടത്തിന് കാരണമാകുമെന്നത് തിരിച്ചറിഞ്ഞ് ഹെൽത്ത് കെയർ റെഗുലേറ്റർ ആണ് ഈ നടപടി സ്വീകരിച്ചത്.
ലീഡ്സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (LTH) എൻഎച്ച്എസ് ട്രസ്റ്റിൽ നടന്ന പരിശോധനകളിൽ കെയർ ക്വാളിറ്റി കമ്മീഷൻ (CQC) പരിചരണത്തിന്റെ ഗുണനിലവാരത്തെയും സ്റ്റാഫിംഗ് നിലവാരത്തെയും കുറിച്ചുള്ള ജീവനക്കാരിൽ നിന്നും രോഗികളിൽ നിന്നുമുള്ള ആശങ്കകൾ സ്ഥിരീകരിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്ന് കാണിച്ച് ഇംഗ്ലണ്ടിന്റെ റെഗുലേറ്റർ ഇപ്പോൾ ഒരു മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ട്രസ്റ്റിൽ മതിയായ പരിചരണം ലഭിച്ചില്ലെന്ന് 67 കുടുംബങ്ങളാണ് പരാതിപ്പെട്ടത് . ഇതിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒഴിവാക്കാവുന്ന പരിക്കുകളോ മരണമോ സംഭവിച്ചുവെന്ന് പറയുന്ന മാതാപിതാക്കളും ഉൾപ്പെടുന്നുണ്ട് . ലീഡ്സ് ജനറൽ ഇൻഫർമറിയിലും (എൽജിഐ) സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ആശുപത്രിയിലും മെറ്റേണിറ്റി നവജാത ശിശുക്കളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് തരംതാഴ്ത്തലിന് മറുപടിയായി എൽടിഎച്ച് പറഞ്ഞു. 2024 ഡിസംബറിലും 2025 ജനുവരിയിലും നടത്തിയ പരിശോധനകളിൽ, റിസ്ക് മാനേജ്മെന്റ്, സുരക്ഷിതമായ അന്തരീക്ഷം, അണുബാധ തടയലും നിയന്ത്രണവും, മെഡിസിൻ മാനേജ്മെന്റ്, സ്റ്റാഫിംഗ് എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും എല്ലായ്പ്പോഴും മാന്യമായും ബഹുമാനത്തോടെയും പിന്തുണയ്ക്കുകയും പരിഗണിക്കുകയും ചെയ്യുന്നില്ല എന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നുവന്നിരുന്നു. സങ്കീർണ്ണമായ ആവശ്യങ്ങളുള്ള കുഞ്ഞുങ്ങളെ പരിചരിക്കാൻ യോഗ്യതയുള്ള ജീവനക്കാരുടെ കുറവും തരംതാഴ്ത്തലിനു കാരണമായിട്ടുണ്ട്.
Leave a Reply