ഷിബു മാത്യു
യോര്‍ക്ഷെയര്‍ : ലീഡ്സ് സീറോ മലബാർ ചാപ്ലിൻസിയിൽ പെസഹാ ആചരിച്ചു. ഇന്നലെ വൈകുന്നേരം 5.15ന് ലീഡ്സ് സെന്റ്: വിൽഫ്രിഡ്സ് ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയോടെ പെസഹായുടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു. “ ദിവ്യകാരുണ്യത്തിലൂടെ നാം ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. അങ്ങനെ അവിടുത്തോടുകൂടെ മരണത്തില്‍നിന്നും ജീവിനിലേയ്ക്കും പ്രവേശിക്കുന്നു. ” ഫ്രാൻസീസ് പാപ്പാ പറഞ്ഞു
ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം ലീഡ്സ് സീറോ മലബാർ ചാപ്ളിൻ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തിൽ സമൂഹബലി ആരംഭിച്ചു. ഫാ. സ്കറിയാ നിരപ്പേൽ സഹകാർമ്മികത്വം വഹിക്കുകയും പെസഹായുടെ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് കാലുകഴുകൽ ശുശ്രൂഷ നടന്നു.സ്നേഹ ശുശ്രൂഷയുടെ പ്രതീകമായ പരസ്പരം കാൽകഴുകലും സ്നേഹ കൂദാശയായ പരിശുദ്ധ കുർബാന അർപ്പിക്കാനുള്ള കല്പനയും നല്കപ്പെട്ട പുണ്യദിനം. ഫാ. മുളയോലിൽ ലീഡ്സ് ചാപ്ളിൻസിയിൽനിന്നുമുള്ള പന്ത്രണ്ട് പേരുടെ കാലുകൾ കഴുകി. തികച്ചും ഭക്തിനിർഭരമായ ശുശ്രൂഷയ്ക്ക് ചാപ്ലിൻസിയിലെ മുഴുവൻ കുടുംബങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു. കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശേഷം വിശുദ്ധ കുർബാന തുടർന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രത്യേകം സജ്ജമാക്കിയ അൾത്താരയിൽ വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവെച്ചു. തുടർന്ന് ചാപ്ലിൻ റവ. ഫാ. മാത്യൂ മുളയോളിയോടൊപ്പം ലിഡ്സ് സമൂഹം പെസഹാ ആചരിച്ചു.പുതിയ പെസഹായായ മിശിഹായിലൂടെ രക്ഷയുടെ രാജ്യത്തിലേയ്ക്ക് ആനയിക്കപ്പെടാനും മന്നായുടെ പൂർത്തീകരണമായ പരി. കുർബാനയിലൂടെ നിത്യജീവൻ പ്രാപിക്കാനും നമ്മെ ഒരുക്കുന്ന തിരുനാൾ. ലീഡ്സിലെ ഒട്ടുമിക്ക കുടുംബങ്ങളിൽ നിന്നും കൊണ്ടുവന്ന പെസഹാ അപ്പം ആശീർവദിച്ച് മുറിച്ച് ഫാ. മുളയോലിൽ വിശ്വാസികൾക്ക് നൽകി. മാർത്തോമ്മാ നസ്രാണികളുടെ കുടുംബങ്ങളിൽ നടക്കുന്ന ഇണ്ടറിയപ്പം മുറിക്കൽ പെസഹായുടെ ചൈതന്യം ഓരോ കുടുംബവും ഏറ്റുവാങ്ങുന്ന പുരാതനമായ അനുഷ്ഠാനമാണ്. ഒശാന ഞായറാഴ്ചത്തെ കുരുത്തോല സ്ലീവായുടെ ആകൃതിയിൽ പതിപ്പിച്ച അപ്പം ഈശോയുടെയും പന്ത്രണ്ട് ശിഷ്യൻമാരുടെയും ഓർമ്മയാചരിച്ചു കൊണ്ട് 13 കഷണങ്ങളായി മുറിച്ച് പാലിൽ മുക്കി ആദ്യം ഗ്രഹനാഥൻ കഴിക്കുകയും തുടർന്ന് കുടുംബാംഗങ്ങൾക്ക് നൽകുകയും ചെയ്യുന്നു. ഈ അനുഷ്ഠാനം വിശ്വാസികളെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം എല്ലാ ഭവനങ്ങളിലും ഈ കർമ്മം നടത്താൻ ഫാ. മുളയോലിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
Leave a Reply