ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലീഡ്‌സ് : മലയാളിയുടെ തറവാട് റെസ്റ്ററന്റിൽ നാടൻ രുചി തേടി ഇത്തവണ എത്തിയത് പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ്. അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർക്കൊപ്പം മെയ് 28 ശനിയാഴ്ചയാണ് സൈമൺ തറവാട്ടിലെത്തിയത്. തറവാട്ടിലെ ഏറ്റവും പ്രശസ്തമായ മീൻകൂട്ടാനും ചില്ലി പനീറും സ്‌ക്വിഡ് റിങ്‌സും പറാത്തയും കഴിച്ച് മനസ്സും വയറും നിറഞ്ഞ ശേഷമാണ് മൂവരും മടങ്ങിയത്. ലീഡ്‌സിലുള്ള തറവാട് റെസ്റ്ററന്റിലെ സ്ഥിരം സന്ദർശകനാണ് സിഗാൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നംഡോർ ഫോഡോർ ദി ടോക്കിംഗ് മംഗൂസ് എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് മൂവരും റെസ്റ്ററന്റിൽ എത്തിയത്. എഴുത്തുകാരനും സംവിധായകനുമായ സിഗാൾ ഒരുക്കുന്ന ഏറ്റവും പുതിയ ഡാർക്ക്‌ കോമഡി ചിത്രമാണ് ഇത്. സൈമൺ പെഗ്ഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒലിവർ അവാർഡ്‌സിൽ മികച്ച സ്‌പെഷ്യാലിറ്റി റസ്‌റ്റോറന്റ് അവാർഡ് നേടിയ തറവാട്, ജൂണിൽ നടക്കുന്ന നാഷണൽ റെസ്റ്റോറന്റ് അവാർഡിൽ ഫുഡ് ലവേഴ്‌സ് അവാർഡിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. “സ്വാദിഷ്ടമായ വിരുന്നിന് ലീഡ്‌സ് തറവാട്ടിലെ എല്ലാ ജീവനക്കാർക്കും നന്ദി” – ഭക്ഷണം ആസ്വദിച്ച ശേഷം പെഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കെയർ സ്റ്റാർമർ, വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ്മ, പോൾ അലോട്ട്, ഡേവിഡ് ഗോവർ, സുനിൽ ഗവാസ്‌കർ, മഹേല ജയവർധന, ആൻഡ്രൂ ലിങ്കൺ തുടങ്ങിയ പ്രമുഖർ തറവാട് സന്ദർശിച്ചിട്ടുണ്ട്. പെഗ്ഗും ലോയിഡും സിഗാലും തറവാടിന്റെ ഡിന്നർ പ്ലേറ്റുകളിൽ ഒപ്പ് നൽകി. കൂടാതെ റെസ്റ്ററന്റ് ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മൂവരും മടങ്ങിയത്.