തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെ ഭർത്താവിന്‌റെ ബന്ധുക്കൾ വെട്ടിക്കൊന്നത് സ്വത്ത് തർക്കത്തെ തുടർന്ന്. 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അയിരൂർ കളത്തറ എം.എസ്.വില്ലയിൽ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നു രാവിലെ പത്തുമണിയോടെ ആയിരുന്നു വീട് കയറിയുള്ള ആക്രമണം. ലീനയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്സിൻ, ഷാജി എന്നിവരാണ് വീട് കയറി വെട്ടിക്കൊലപെടുത്തിയത്. പ്രതികൾ ഒളിവിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലീനയുടെ ഭർത്താവ് മരിച്ചിട്ട് ഒന്നരവർഷമായി. സിയാദിന്റെ പേരിലുള്ള സ്വത്തുവകകൾ കൈക്കലാക്കാൻ സഹോദരന്മാർ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കെയാണ് ആക്രമണം. ലീനയെ തുരത്തുന്നതിന്റെ ഭാഗമായി ഒന്നരമാസം മുൻപ് സിയാദിന്റെ സഹോദരൻ അഹദും കുടുംബവും ഇവരുടെ വീട്ടിൽക്കയറി താമസമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നൽകാൻ ഉത്തരവിട്ടതോടെ പൊലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തുടർതർക്കമാണ് ഞായറാഴ്ച രാവിലെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് ഇടയാക്കിയത് എന്നാണ് പ്രാഥമിക വിവരം.

ഒരു വിവാഹത്തിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു ലീന അതിനിടെയാണ് ഭർത്താവിന്റെ ബന്ധുക്കൾ കമ്പിപ്പാര അടക്കം ആയുധങ്ങളുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്. ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്സിൻ എന്നിവർ ചേർന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിനൊപ്പം അഹദിന്റെ ഭാര്യയും ലീനയെ ആക്രമിച്ചെന്നാണ് ഇവർക്കൊപ്പം 20 വർഷമായി താമസിക്കുന്ന സരസുവിന്റെ മൊഴി. ഗുരുതരമായി പരിക്കേറ്റ ലീനയെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.