ന്യൂസ് ഡെസ്ക്
ലണ്ടന്‍ : എൻഎച്ച്എസിന്റെ ചികിത്സാപ്പിഴവിന് ഇരയായത് ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥി. ഇടതു വശം തളർന്നു പോയ യുവാവിന് മെഡിക്കൽ ഇൻകപ്പാസിറ്റി മൂലം യുകെയിൽ തുടരാനുള്ള വിസ ലഭിച്ചില്ല. കേസേറ്റെടുത്ത മലയാളി സോളിസിറ്റർ അരവിന്ദ് ശ്രീവൽസൻ നടത്തിയ ശക്തമായ നിയമ പോരാട്ടത്തിന്റെ ഫലമായി എൻഎച്ച്എസ് വിദ്യാര്‍ത്ഥിക്ക് 75,000 പൗണ്ട് നഷ്ടപരിഹാരം നല്കി ഒത്തുതീര്‍പ്പിന് തയ്യാറായി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെജൻഡ് സോളിസിറ്റേഴ്സാണ് എൻഎച്ച്എസിന്റെ ചികിത്സയിലെ വീഴ്ചക്കെതിരെ കേസ് നടത്തിയത്. ചികിത്സാപ്പിഴവിന് ഇരയായ രോഗി യുകെയിൽ ഇല്ലാതെയാണ് കേസ് വിജയിച്ചതെന്നുള്ളത് ഈ കേസിനെ ശ്രദ്ധേയമാക്കുന്നതായി സോളിസിറ്റർ അരവിന്ദ് ശ്രീവൽസൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ കര്‍ണാടക സ്വദേശിയായ ആൻറണി വിക്രം എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി 2013 ലാണ് ശരീരഭാരം കുറയുന്നതുമായി ബന്ധപ്പെട്ട് എൻഎച്ച്എസിൽ ചികിത്സ തേടിയത്. അടിവയറ്റിൽ വേദനയും ഛർദ്ദിലും അനുഭവപ്പെട്ടിരുന്നു. തുടർന്ന് നിരവധി പരിശോധനകൾക്ക് ആൻറണി വിധേയമാക്കപ്പെട്ടു. 2014 ജനുവരിയിൽ ആമാശയത്തിൽ തടസമുണ്ടായതിനെ തുടർന്ന് ആന്റണി ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ലാപ്രോസ്കോപി സർജറിക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടു. 21 ജനുവരി 2014 ന് പെരി ഓപ്പറേറ്റീവ് അസസ്മെൻറിന് വിധേയനാക്കപ്പെട്ട ആൻറണി വിക്രം സർജറിക്കുള്ള സമ്മതപത്രവും നല്കി.
തൊറാസിക് എപ്പിഡ്യൂറലും , ജനറൽ അനസ്തീഷ്യയും നല്‍കുമെന്ന് ചികിത്സിക്കുന്ന ഡോക്ടർ ആൻറണിയെ അറിയിച്ചു. അങ്ങനെ ജനുവരി 22ന് രണ്ടു മണിക്കൂർ നീണ്ട സർജറിയ്ക്ക് വിധേയനായി. 25 ജനുവരി മുതൽ ആൻറണിയുടെ ഇടതുവശത്തിന് സ്വാധീനക്കുറവ് അനുഭവപ്പെട്ടു തുടങ്ങി. സ്പർശനശേഷിയിലും കുറവ് വന്നു തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ MRl സ്കാൻ നടത്തിയപ്പോൾ സെർവിക്കൽ ആൻഡ് തൊറാസിക് കോർഡിന്റെ ഇടതുഭാഗത്ത് നീരുവീക്കം ഉണ്ടായതായി കാണപ്പെട്ടു. MRI റിസൽട്ട് പരിശോധിച്ച ന്യൂറോ കൺസൽട്ടന്റ് ഡോ. ഫീൺലി, സാർക്കൽ സാക്കിൽ ഫ്ളൂയിഡ് ഉള്ളതായി കണ്ടെത്തി. സെറിബ്രോ സ്പൈനൽ ഫ്ളൂയിഡിന്റെ താഴ്ഭാഗത്ത് ഇൻഫെക്ഷൻ ഉണ്ടായതായും മുകൾഭാഗം നോർമ്മലാണെന്നും മനസിലായി.
സർജറിക്ക് വിധേയനായ രോഗിയുടെ ബോഡി മാസ് ഇൻഡക്സ് അനുസരിച്ച് 8 സെന്റിമീറ്റർ ആഴത്തിൽ എപ്പിഡ്യൂറൽ നല്കാൻ പാടില്ലായിരുന്നുവെന്നും അത് രോഗിയുടെ സ്പൈനൽ കോർഡിൽ എത്തുന്ന രീതിയിൽ ഉള്ള ഗുരുതരമായ വീഴ്ച ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും സോളിസിറ്റർ അരവിന്ദ് ശ്രീവൽസൻ കോടതിയിൽ വാദിച്ചു . എപ്പിഡ്യൂറൽ കത്തീറ്റർ 5 സെൻറിമീറ്റർ കഴിഞ്ഞും മുന്നോട്ട് പോവുന്ന രീതിയിലാണ് സെറ്റ് ചെയ്തിരുന്നതെന്നും , ഇത് ശരിയായ രീതിയിലായിരുന്നില്ലെന്നും തെളിയിക്കപ്പെട്ടു . പ്രോസീജിയർ ശരിയായ രീതിയില്‍ അല്ലായിരുന്നതിനാൽ രോഗി അനസ്തീഷ്യയിൽ നിന്ന് ഉണരാൻ കൂടുതൽ സമയമെടുത്തു. ആൻറണിയുടെ ഇടതുകാലിനും ഇടതു കൈയ്ക്കും ഇതോടെ സ്വാധീനവും നഷ്ടപ്പെട്ടു. തുടർന്ന് ആരോഗ്യനില വഷളാവുകയും 2014 അവസാനത്തോടെ മറ്റു പല അവയവങ്ങളും പ്രവർത്തന രഹിതമാവുകയും, സ്ട്രോക്ക് മൂലം ശരീരത്തിന്റെ വലത്തുഭാഗത്തിന് സ്വാധീനക്കുറവ് ഉണ്ടാവുകയും ചെയ്തു .
2008 ലാണ് കര്‍ണാടക സ്വദേശിയായ ആൻറണി വിക്രം യുകെയിലെത്തിയത്. ചികിത്സയിലെ പിഴവ് മൂലമുണ്ടായ മെഡിക്കൽ ഇൻകപ്പാസിറ്റി കാരണം ആൻറണിയ്ക്ക് ലഭിക്കാമായിരുന്ന ടിയർ 2 വർക്ക് വിസ നഷ്ടപ്പെടുകയും , നാട്ടിലേയ്ക്ക് തിരിച്ചു പോകേണ്ടിയും വന്നു. ന്യൂറോളജിസ്റ്റ് ബ്രെൻഡൻ മക് ലീൻ , അനസ്തറ്റിസ്റ്റ് പീറ്റർ ഹാമ്ബ്ലി എന്നിവരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ ഉപദേശം തേടിയിരുന്നു . ആൻറണി വിക്രം ഇന്ത്യയിലായിരുന്നതിനാൽ ലെജൻഡ് സോളിസിറ്റേഴ്സ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് എമ്മാ ബ്രാസിയർ വഴി ഫോണില്‍ ബന്ധപ്പെട്ടാണ് ആൻറണിയുടെ നിലവിലെ സ്ഥിതി വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
50,000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കാം എന്നാണ് ആദ്യം എൻഎച്ച്എസ് സമ്മതിച്ചത്. എന്നാൽ കടുത്ത നിയമ പോരാട്ടത്തിനൊടുവില്‍ രോഗിയ്ക്ക് ഉണ്ടായ മെഡിക്കൽ ഇൻകപ്പാസിറ്റിയും , വരുമാന നഷ്ടവും കണക്കിലെടുത്ത് അവസാനം 75,000 പൗണ്ട് നല്കി ഈ കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു .
[…] March 16 20:33 2018 Print This Article […]