ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്, ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചൈയ് ശ്രീവദനപ്രഭ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 61 കാരനായ വിചൈയ്‌ക്കൊപ്പം ഹെലികോപ്ടറിന്റെ പൈലറ്റ്, പൈലറ്റിന്റെ ഗേള്‍ ഫ്രണ്ട് കൂടിയായ കോ പൈലറ്റ്, മിസ് തായ്‌ലന്റ് യൂണിവേഴ്‌സ് 2015ല്‍ റണ്ണറപ്പായിരുന്ന നുസാര സുക്‌നമായി, വിഷൈയുടെ സഹായി ഗോള്‍ഫ് എന്ന പേരില്‍ അറിയപ്പെടുന്ന കേവ്‌പോണ്‍ പുന്‍പാരെ തുടങ്ങിയവരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ഹെലികോപ്ടറിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് ലെസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ് സ്ഥിരീകരിച്ചു. ക്ലബ്ബിന്റെ ലെസ്റ്ററിലെ ഹോം ഗ്രൗണ്ടായ കിംങ് പവര്‍ സ്റ്റേഡിയത്തിനോടു ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.
ഹെലികോപ്ടറിന്റെ പൈലറ്റായിരുന്ന എറിക് സ്വാഫറിന്റെ മനഃസാന്നിധ്യം നൂറു കണക്കിന് ആളുകളുടെ മരണത്തിനു കാരണമാകാമായിരുന്ന ഒരു ദുരന്തത്തില്‍ നിന്നാണ് രക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്റ്റേഡിയത്തിന്റെ മീഡിയ കോമ്പൗണ്ടിലേക്ക് ഇടിച്ചിറങ്ങുമായിരുന്ന ഹെലികോപ്ടര്‍ ഇദ്ദേഹം കാര്‍ പാര്‍ക്കില്‍ ഇറക്കുകയായിരുന്നു. കാര്‍പാര്‍ക്കില്‍ ജനങ്ങളുണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലേക്ക് ഹെലികോപ്ടര്‍ ഇടിച്ചിറങ്ങിയിരുന്നെങ്കില്‍ അത് വന്‍ ദുരന്തമായി മാറിയേനെ എന്നാണ് വിലയിരുത്തല്‍. കടുത്ത ഫുട്‌ബോള്‍ പ്രേമിയായ വിചൈയ് ശ്രീവദനപ്രഭ ഇംഗ്ലണ്ടിലെത്തിയാല്‍ ആഭ്യന്തര യാത്രയ്ക്കായി ഉപയോഗിക്കുന്ന സ്ഥിരം ഹെലികോപ്റ്ററാണിത്.
2010ലാണ് വിചൈയ് ശ്രീവദനപ്രഭയെന്ന തായ്ലന്‍ഡ് കോടീശ്വരന്‍ ലെസ്റ്റര്‍ ഫുട്‌ബോള്‍ ക്ലബ്ബ് സ്വന്തമാക്കിയത്. ചുരുങ്ങിയകാലംകൊണ്ട് അദ്ദേഹം ലെസ്റ്ററിനെ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ പട്ടികയില്‍ മുന്‍നിരയിലെത്തിച്ചു. 2016ലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍ഷിപ്പില്‍ എല്ലാവരെയും ഞെട്ടിച്ചാണ് ലെസ്റ്റര്‍ സിറ്റി ക്ലബ്ബ് ചാംപ്യന്‍പട്ടം നേടിയത്. കോടിക്കണക്കിനു പണം മുടക്കിയാണ് അദ്ദേഹം ലെസ്റ്ററിനെ അഞ്ചുവര്‍ഷം കൊണ്ട് യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയത്. 1-1 സമനിലയില്‍ പിരിഞ്ഞ ഇന്നലത്തെ വെസ്റ്റ്ഹാം ലെസ്റ്റര്‍ സിറ്റി മല്‍സരത്തിനുശേഷം സ്റ്റേഡിയത്തിന്റെ സെന്റര്‍ സര്‍ക്കിളില്‍നിന്നും 8.45ന് ക്ലബ്ബ് ചെയര്‍മാനുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഏതാനും സെക്കന്റുകള്‍ക്കകം പെട്ടെന്ന് താഴേക്കുപതിച്ച് കത്തിയമരുകയായിരുന്നു.
Leave a Reply