സ്വന്തം ലേഖകന്‍

ലെസ്റ്റര്‍ഷയര്‍ പോലീസില്‍ ചേര്‍ന്ന് നിയമനിര്‍വ്വഹണ രംഗത്ത് മികവ് തെളിയിക്കാന്‍ മലയാളികള്‍ക്ക് അവസരം ഒരുക്കി ഡിപ്പാര്‍ട്ട്മെന്റ്. ഇരുനൂറോളം ഒഴിവുകള്‍ നികത്തുക എന്ന ലക്ഷ്യവുമായി ഓപ്പണ്‍ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന കൗണ്‍സില്‍ ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത് മലയാളികളെയും കൂടിയാണ്. ഇതിനായി ലെസ്റ്റര്‍ മലയാളി സമൂഹം മിക്കപ്പോഴും ഒന്നിച്ച് ചേരുന്ന മദര്‍ ഓഫ് ഗോഡ് പാരിഷ് ഹാളിലാണ് റിക്രൂട്ട്മെന്റ് ഇവന്‍റ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 7 ഞായറാഴ്ച വൈകുന്നേരം 05.30 മുതലാണ്‌ റിക്രൂട്ട്മെന്റ് ഇവന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം ഇവിടെയെത്തുന്നവര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അപേക്ഷിക്കാനും സംശയ നിവാരണങ്ങള്‍ക്കും അവസരം ലഭിക്കുന്നതാണ്.

ഏകദേശം ഇരുനൂറോളം ഒഴിവുകള്‍ ഉണ്ട് എന്നറിയിച്ചിരിക്കുന്ന ലെസ്റ്റര്‍ഷയര്‍ പോലീസ് ഇത്രയധികം പേരെ ഒന്നിച്ച് പോലീസിലേക്ക് എടുക്കുന്നത് ഇതാദ്യമായാണ് എന്ന് പറയുന്നു. പതിനേഴ്‌ വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും പോലീസിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മൂന്നു വര്‍ഷത്തെ ശമ്പളത്തോട് കൂടിയ അപ്രന്റീസ്ഷിപ്പ് ഡിഗ്രി തെരഞ്ഞെടുക്കാനും അവസരം ലഭ്യമാണ്. ഇത് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പോലീസില്‍ സ്ഥിരനിയമനം ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.leics.police.uk