ഷിബു മാത്യൂ.
ചിത്രങ്ങള്‍: ജോഫി ജോസ്‌
യോര്‍ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ലിമ (ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍) സംഘടിപ്പിച്ച കലാവിരുന്ന് ഇന്നലെ ലീഡ്‌സിലെ ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെട്ടു. രാവിലെ പത്ത് മുപ്പതിന് കലാവിരുന്നിന് തുടക്കം കുറിച്ചു. ഭാരവാഹികളുടെ ആമുഖ സന്ദേശത്തോടെ ലീഡ്‌സില്‍ പുതുതായി എത്തിയ മലയാളി കുടുംബങ്ങളെ അസ്സോസിയേഷന് പരിചയപ്പെടുത്തുന്ന ചടങ്ങ് ആദ്യമേ നടന്നു. ഏകദേശം അറുപതോളം പുതിയ മലയാളി കുടുംബങ്ങളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് പഴയ തലമുറയും പുതിയ തലമുറയും ഉള്‍പ്പെട്ട് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ തക്കവണ്ണമുള്ള ഗെയിംസ് നടന്നു. പന്ത്രണ്ട് മണിയോടെ ഔദ്യോഗീക ചടങ്ങുകള്‍ ആരംഭിച്ചു. ലിമയുടെ സെക്രട്ടറി ബെന്നി വേങ്ങച്ചേരില്‍, ട്രഷറര്‍ സിജോ ചാക്കോ, കമ്മറ്റി മെമ്പേഴ്‌സുമാരായ ഫിലിപ്പ് കടവില്‍, ബീനാ തോമസ്, മഹേഷ് മാധവന്‍, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ജിത വിജി, റെജി ജയന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിറഞ്ഞ സദസ്സിനു മുമ്പാകെ ലിമയുടെ പ്രസിഡന്റ് ജേക്കബ്ബ് കുയിലാടന്‍ നിലവിളക്ക് കൊളുത്തി കലാവിരുന്ന് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ലിമയിലെ കുട്ടികള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. കേരളത്തിലെ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ദൈവത്തിന്റെ സ്വന്തം നാട് എന്ന വിഷയത്തെ ആസ്പദമാക്കി അജി ഷൈജു അവതരിപ്പിച്ച മോണോ ആക്ട് ജനശ്രദ്ധ നേടി. സോളോ സോംഗ്, പ്രസംഗം, തിരുവാതിര, മോഹിനിയാട്ടം, ക്ലാസിക്കല്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, കപ്പിള്‍ ഡാന്‍സ് തുടങ്ങി കലയുടെ എല്ലാ മേഖലകളെയും കോര്‍ത്തിണക്കിയ ഒരു കലാവിരുന്നാണ് ലീഡ്‌സില്‍ അരങ്ങേറിയത്. തുടര്‍ന്ന് കോവിഡ് കാലത്ത് നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്ക് ലീഡ്‌സിലെ പ്രമുഖ റെസ്റ്റോറന്റായ തറവാട് ലീഡ്‌സ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിജയികള്‍ക്ക് സമ്മാനിച്ചു. GCSE യിലും A ലെവലിലും ഉന്നത വിജയം നേടി വരുന്ന കുട്ടികളെ പതിവായി ലിമ ആദരിക്കുന്ന ചടങ്ങും നടന്നു.

ഉച്ചഭക്ഷണത്തിന് ശേഷം കലാപരിപാടികള്‍ തുടര്‍ന്നു. കലാവിരുന്നിന്റെ പ്രധാന ഇനമായ ലിമ കലാവേദിയുടെ ‘അമ്മയ്‌ക്കൊരു താരാട്ട്’ എന്ന നാടകം അരങ്ങേറി. മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയതുപോലെ മക്കള്‍ മാതാപിതാക്കളെ വളര്‍ത്തണം എന്ന വലിയ സന്ദേശം ആധുനിക തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. നിരവധി നാടകങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ തോമസ്സ് മാളെക്കാരനാണ് ഈ നാടകം രചിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ നാടക രംഗത്ത് പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ള ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത നാടകത്തിന്റെ യുകെയിലെ അരങ്ങേറ്റമാണ് ഇന്നലെ ലീഡ്‌സില്‍ നടന്നത്. ലീഡ്‌സിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി മലയാളികളാണ് നാടകം കാണുവാനായെത്തിയത്. മലയാള സിനിമയില്‍ നിരവധി റോളുകളില്‍ അഭിനയിച്ച സാബുഖോഷ്, പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ച് പരിചയമുള്ള ജയന്‍ കുര്യാക്കോസ് എന്നിവരോടൊപ്പം ലിമയുടെ കലാകാരന്മാരായ ഷിജി കുര്യന്‍, രജ്ഞി കോമ്പാറക്കാരന്‍, ജോബി ജോസഫ്, ജേക്കബ് കുയിലാടന്‍, ഗോഡ്‌സണ്‍ കുയിലാടന്‍, ബേബി പോള്‍, ഡാര്‍ളി ടോമി, അജി ഷൈജു, മോളി ബെന്നി, എസ്തന ഹരീഷ് എന്നിവര്‍ മത്സരിച്ചഭിനയിച്ച നാടകത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്. മലയാള നാടക ശാഖയ്ക്ക് വലിയൊരു സംഭാവനയാണ് ലിമ കലാവേദി നല്‍കിയത് എന്ന് എടുത്ത് പറയേണ്ടി വരും.

കോവിഡില്‍ രാജ്യം തളര്‍ന്നപ്പോള്‍ ലിമയുടെ ഔദ്യോഗീക പരിപാടികള്‍ തല്കാലത്തേയ്‌ക്കെങ്കിലും നിര്‍ത്തിവെയ്‌ക്കേണ്ടതായി വന്നു. ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കിയതിനു ശേഷം ലീഡ്‌സില്‍ പുതുതായി എത്തിയ മലയാളി കുടുംബങ്ങളേയും കൂട്ടിച്ചേര്‍ത്തുള്ള ആദ്യ കൂട്ടായ്മയാണ് ഇന്നലെ ലീഡ്‌സില്‍ നടന്നത്.

അഞ്ച് മണി വരെ നീണ്ട് നിന്ന കലാവിരുന്നിനവസാനം ലിമയിലെ എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് ആനന്ദനൃത്തം ചെയ്തു. ഇത്തരം കൂട്ടായ്മ സമൂഹത്തിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഴം കൂട്ടുവാന്‍ സഹായിക്കട്ടെ എന്ന് പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ പ്രത്യാശ പ്രകടിപ്പിച്ചു.