ഫാ.ഹാപ്പി ജേക്കബ്
പരിവര്‍ത്തനത്തിന്റെയും രൂപാന്തരത്തിന്റെയും ധ്യാനചിന്തയിലൂടെ വലിയ നോമ്പിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഈയാഴ്ചയിലെ വേദചിന്തക്ക് പാത്രീഭവിക്കുന്നത് വി.ലൂക്കോസ് 5:12-16 വരെയുള്ള വാക്യങ്ങളാണ്. കര്‍ത്താവ് ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ ശരീരത്തില്‍ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യന്‍ വന്ന് ‘നിനക്ക് മനസുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും’ എന്ന് പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവ് അവനെ തൊട്ട് എനിക്ക് മനസുണ്ട്, സൗഖ്യമാക് എന്ന് പറഞ്ഞു. ഉടനെ അവന് സൗഖ്യം ലഭിക്കുന്നു.
ഏവരാലും വെറുക്കപ്പെട്ട്, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ഏകാന്തതയിലും നിരാശയിലും കഴിഞ്ഞിരുന്ന ഈ കുഷ്ഠരോഗി സര്‍വ തടസങ്ങളെയും മാറ്റി ദൈവപുത്രന്റെ മുമ്പില്‍ എത്തിച്ചേരുന്നു. ആകെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആ മനുഷ്യന് ശരീരത്തില്‍ മാത്രമേ രോഗം ബാധിച്ചിരുന്നുള്ളു. മനസില്‍ ദൈവ ആഗ്രഹം നിറഞ്ഞുനിന്നിരുന്നു. തന്റെ കുറഴ് നീങ്ങുവാന്‍ ദൈവസന്നിധിയില്‍ വരുവാന്‍ അവന് കഴിഞ്ഞു. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ശരീരവും വസ്ത്രധാരണവും ഏറ്റവും മനോഹരവും ഉള്ളം അതീവ രോഗാവസ്ഥയിലുമാണ്. കലുഷിതമായ ചിന്തകളും ദ്രവ്യാഗ്രഹവും ചതിയും മറ്റ് എല്ലാ തിന്മകളും ഈ രോഗത്തിന്റഎ ലക്ഷണങ്ങളാണ്. പരിഹാര മാര്‍ഗങ്ങള്‍ മുന്‍പില്‍ ഉണ്ടെങ്കിലും അതിലൂടെ കടന്നുവരാന്‍ അനുവദിക്കാത്ത മനസും. അത്രക്ക് മാരകമായ അവസ്ഥയിലാണ് നാം കഴിയുന്നത്.
അവന്റെ നിസ്വാര്‍ത്ഥമായ പ്രാര്‍ത്ഥന അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അറപ്പുണ്ടാക്കുന്ന അവന്റെ ശരീരത്തെ കര്‍ത്താവ് തൊട്ട് സൗഖ്യമാക്കി. ഈ സംഭവം നാം ധ്യാനിക്കുമ്പോള്‍ തികച്ചും നമ്മളെ നോക്കി നമ്മുടെ കുറവുകള്‍ തിരിച്ചറിഞ്ഞ് മാറ്റം അനുഭവിക്കണം. നമ്മുടെ പ്രാര്‍ത്ഥനകള്‍ മുഴുവനും ഭൗതികമായ കാര്യസാധനവും സുഖസുഷുപ്തിക്ക് ആവശ്യമായ കാര്യങ്ങളുടെ പട്ടികയുമാണ്. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനകളില്‍ പിതാക്കന്‍മാര്‍ പഠിപ്പിച്ചിരിക്കുന്നത് കടങ്ങളുടെ പരിഹാരവും പാപങ്ങളുടെ മോചനവും നിത്യജീവിതവുമാണ്.
ഈ നോമ്പില്‍ മനസില്‍ അടിഞ്ഞിരിക്കുന്ന രോഗങ്ങളെ കഴുകി ആത്മഫലങ്ങളെ കായ്ക്കുവാനായി ഒരുക്കാം. ജഡീക ചിന്തകള്‍ക്ക് പകരം ആത്മീക നല്‍വരങ്ങള്‍ ഉയര്‍ന്ന് വരട്ടെ. നോമ്പിന്റെ പ്രത്യേകത തന്നെ അതാണ്. ശാരീരിക നിയന്ത്രണത്തിന് ഉപവാസവും ആത്മീയ പുഷ്ടിക്ക് പ്രാര്‍ത്ഥനയും. ഇവ രണ്ടും യഥാക്രമം ദൈവഹിതം തിരിച്ചറിയുവാന്‍ നമ്മെ സന്നദ്ധരാക്കും. പരിപാലിച്ച് വരുന്ന വിശേഷതകളെ ക്ഷിപ്രമായി മാറ്റുവാന്‍ മാനുഷികമായി പ്രയാസമാണ്. ശത്രുതയും തിന്മയും നമ്മുടെ ജീവിതനാളുകളില്‍ ഉണ്ടായിട്ടുള്ളതും നാമായിട്ട് വളര്‍ത്തിയതുമാണ്. എന്നാല്‍ നാം ദൈവത്തെ കണ്ടുമുട്ടുകയും ദൈവം നമ്മെ കാണുകയും ചെയ്യുമ്പോള്‍ നാം അറിയാതെ ഒരു പുതിയ ജീവിതം നമ്മളില്‍ ആരംഭിക്കും. അപ്പോള്‍ ദൈവാംശം നമ്മളില്‍ നിന്ന് ഉരുത്തിരിയും. ശത്രുതയും പകയും തിന്മയും സകല അശുദ്ധ വിചാരങ്ങളും നമ്മളില്‍ നിന്ന് അകലും. നാം ആര്‍ജ്ജിച്ച ദൈവസ്‌നേഹത്തിന്റഎ വക്താക്കളായി നാം മാറും.
കര്‍ത്താവ് അവനെ തൊട്ട് സൗഖ്യമാക്കിയത് പോലെ സ്‌നേഹത്തിന്റെ, കരുതലിന്റെ, പാപമോചനത്തിന്റെ, സൗഖ്യത്തിന്റെ കരസ്പര്‍ശം നമുക്കും ലഭിക്കും. ലോകത്തിന് തരുവാന്‍ കഴിയാത്തത് നാം അനുഭവിക്കും. മുന്‍പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടുകൂടി സര്‍വതും നിങ്ങള്‍ക്ക് ലഭിക്കും. മത്തായി 6:33
മാനസാന്തരത്തിന്റെ പടികളിലൂടെ യാത്ര ചെയ്ത് ദൈവഹിതം തിരിച്ചറിയുവാന്‍ നമുക്ക് ഈ നോമ്പിന്റെ കാലയളവുകള്‍ സാധ്യമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ദൈവസാന്നിധ്യം അനുഭവിക്കാന്‍ നമുക്ക് കഴിയട്ടെ എന്നും ആശംസിക്കുന്നു.
സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍.
Leave a Reply