വന്യമൃഗങ്ങളും ഉരഗങ്ങളും വനമേഖലകളില്‍ ട്രെയിനുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ഇരയാകുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നിരന്തരം പുറത്തുവരാറുണ്ട്. അത്തരത്തിലുള്ള ഹൃദയഭേദകമായ ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്.

ഓടുന്ന കാറിന്റെ മുന്‍ ഭാഗത്തെ ബംപറിനടിയില്‍ കുടുങ്ങിയ പുള്ളിപ്പുലി രക്ഷപ്പെടാന്‍ പാടുപെടുന്നതാണു വീഡിയോയിലുള്ളത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ അംഗം മിലിങ് പരിവാകമാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പുലിയുടെ ശരീരത്തിന്റെ പകുതിയും ബംപറിനുള്ളിലാണെന്നാണു വീഡിയോയില്‍നിന്ന് അനുമാനിക്കാവുന്നത്. ഡ്രൈവര്‍ കാര്‍ പിന്നോട്ട് എടുക്കുന്നതോടെ പുലിയുടെ പുറത്ത് വലിയൊരു ഭാഗത്തെ തൊലിയിളകിപ്പോയതു വീഡിയോയില്‍ കാണാം.

പിന്നോട്ടെടുത്ത കാറില്‍നിന്നു വേര്‍പെടാന്‍ പുലി ശക്തമായി കുതറുന്നതും തുടര്‍ന്ന് രക്ഷപ്പെട്ടശേഷം വേഗത്തില്‍ റോഡ് മുറിച്ചുകടന്ന് കുതിച്ച് മറുവശത്തെ മതില്‍ ചാടിക്കടക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ ഈ വീഡിയോ പരിവാകം പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഇതാണ് നാം നമ്മുടെ വന്യജീവികളോട് ചെയ്യുന്നത്. ഇത് മോശം ആസൂത്രണത്തിന്റെ ഒരു ലളിതമായ കേസാണ്. അതിലും പ്രധാനമായി, നമ്മുടെ പൗരന്മാര്‍ക്കായി സുരക്ഷിതമല്ലാത്ത റോഡുകള്‍ നിമിക്കുകയാണ് എന്ന് പരിവാകം ട്വീറ്റില്‍ പറയുന്നു.

സംഭവത്തിന്റെ മറ്റൊരു ക്ലിപ്പ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ പങ്കുവെച്ചു. പുലി ജീവനോടെയുണ്ടെന്നും ഇപ്പോഴുള്ള സ്ഥലം കണ്ടെത്തി ചികിത്സിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

”പുലിക്ക് എന്ത് സംഭവിച്ചുവെന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. പരുക്കേറ്റെങ്കിലും ജീവനോടെയുണ്ട്. കണ്ടെത്തി ചികിത്സിക്കാനുള്ള ശ്രമം തുടരുകയാണ്,” നന്ദ ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂണെ-നാസിക് ദേശീയപാതയില്‍ ചന്ദന്‍പുരി ചുരത്തിലാണ് സംഭവം നടന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമുമായുള്ള ചാറ്റില്‍ അദ്ദേഹം പറഞ്ഞു.

ക്ലിപ്പ് കണ്ട് നെറ്റിസണ്‍സില്‍ പലരും വികാരഭരിതരായി. തനിക്ക് വാക്കുകളിലെല്ലന്നും ഈ ക്രൂര കാണേണ്ടിയിരുന്നില്ലെന്നും ഒരാള്‍ കുറിച്ചു.