ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികൾക്ക് ഇന്നലെ കാളരാത്രിയായിരുന്നു. യുകെ മലയാളി നേഴ്സിനെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ഭർത്താവ് വെട്ടി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലായിരുന്നു എല്ലാവരും . ഭാര്യയും ഒരു കുട്ടിയും ദാരുണമായി കൊല്ലപ്പെട്ട വാർത്തയാണ് ആദ്യം പുറത്തുവന്നത്. പിന്നീട് കുറെ കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയും മരണമടഞ്ഞ വാർത്ത പുറത്തുവന്നത് കടുത്ത വേദനയോടെയാണ് മലയാളി സമൂഹം ഏറ്റുവാങ്ങിയത്.
ഒരു വർഷം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി നേഴ്സിനെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും മിഡ്ലാൻഡിലെ കെറ്ററിങ്ങിലാണ് കണ്ണൂർ സ്വദേശിയായ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് . സംഭവത്തെ തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ആൺകുട്ടിക്ക് 6 വയസ്സും ഇളയ പെൺകുട്ടിക്ക് 4 വയസ്സും ആയിരുന്നു പ്രായം . അറസ്റ്റു ചെയ്ത 52 വയസ്സുകാരനായ ഭർത്താവിനെ നിലവിൽ ചോദ്യം ചെയ്തു വരികയാണ് എന്ന് മാത്രമാണ് പോലീസ് സംഭവത്തെക്കുറിച്ച് പുറത്തുവിട്ടിരിക്കുന്ന വിവരം.
എന്തെങ്കിലും കുടുംബ കലഹങ്ങൾ ഉണ്ടാവുകയാണെങ്കിൽ പരിഹാരം കാണാൻ കേരളത്തിൽ ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് യുകെയിൽ ജീവിക്കുന്ന മലയാളി സമൂഹം അഭിമുഖീകരിക്കുന്നത്. പലപ്പോഴും സാമൂഹികവും മനഃശാസ്ത്രപരവുമായ കാരണങ്ങൾ മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നുള്ള പ്രതിസന്ധി പല മലയാളി കുടുംബങ്ങളുടെ ഇടയിലും വളരെ രൂക്ഷമാണ്. ഭർത്താവിൻറെ അമിത മദ്യപാനം മൂലമുള്ള പ്രശ്നങ്ങൾ പല കുടുംബങ്ങളിലും ആഴത്തിലുള്ള വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യത്തിൽ പരസ്പരം മനസ്സിലാക്കി കുടുംബത്തെ മുന്നോട്ട് നയിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ ഇരുവരും പലപ്പോഴും തയ്യാറാകാത്തതും കുടുംബകലഹങ്ങൾക്ക് വഴിവെക്കാറുണ്ട്
Leave a Reply