ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി പരിശോധിച്ച് ഇടവേള നല്‍കണമെന്നും കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇഡി തന്നെ 12 മണിക്കൂര്‍ നിരന്തരം ചോദ്യം ചെയ്‌തെന്നും ഇത് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ്് കോടതിയുടെ നിര്‍ദേശം. ലൈഫ് മിഷന്‍ കരാറില്‍ മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ റിപ്പോര്‍ട്ട്.

ലൈഫ് മിഷന്‍ കരാറിന് മുന്‍കൈയ്യെടുത്ത എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു കമ്മീഷന്‍ ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് ഒരു കോടി രൂപ എം ശിവശങ്കറിന് ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വിശദീകരിക്കുന്നു.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ചൊവ്വാഴ്ചയും രാവിലെ 11 മണിമുതല്‍ കൊച്ചിയിലെ ഓഫീസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി 11.45ഓടെ കുറ്റസമ്മത മൊഴി പോലും ഇല്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോഴ ഇടപാടില്‍ എം ശിവശങ്കറിന്റെ പങ്ക് തെളിഞ്ഞെന്നും നിര്‍ണായക തെളിവ് ലഭിച്ചെന്നുമാണ് ഇ.ഡി വാദം. കൂടാതെ കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികളും ഇ.ഡി വിശദമായി രേഖപ്പെടുത്തിയിരുന്നു. ആറ് കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇടപാട് ശരിവെക്കുന്ന മൊഴി തന്നെയാണ് ഭവന നിര്‍മാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ ലോക്കര്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. ഇതിലുള്ള ഒരു കോടിയോളമുള്ള തുക ശിവശങ്കറിന്റെതാണെന്ന് മുന്‍പ് ഇഡി വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷന്‍ ഇടപാടിലാണോ അതോ സ്വര്‍ണ്ണക്കടത്ത് കേസിലുള്ള പണമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ലൈഫ് മിഷനില്‍ കമ്മീഷനായി വന്ന തുകയാണ് ഇതെന്നാണ് സ്വപ്ന മൊഴി നല്‍കിയതെങ്കിലും ഇത് സ്വര്‍ണ്ണക്കടത്ത് കേസിലെ പണമാണ് എന്നാണ് മുന്‍പ് ഇഡി വ്യക്തമാക്കിയത്.

ലോക്കറിന്റെ കാര്യത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ മൊഴിയുമുണ്ട്. അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലന്‍ അയ്യര്‍ എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയാണിത്. സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നാണ് വേണുഗോപാലന്‍ അയ്യര്‍ മൊഴി നല്‍കിയത്. ഇത് ശിവശങ്കറിന് എതിരെയുള്ള ശക്തമായ മൊഴിയായി മാറിയിരുന്നു.

വൈദ്യ പരിശോധനകള്‍ക്ക് ശേഷം ശിവശങ്കറിനെ രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ഇക്കഴിഞ്ഞ ജനുവരി 31ന് ആണ് ശിവശങ്കര്‍ കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോസ്റ്റില്‍ നിന്നും വിരമിച്ചത്. വിരമിക്കുന്ന ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിരമിക്കുന്ന ദിവസം ആണെന്ന് ചൂണ്ടിക്കാട്ടി ശിവശങ്കര്‍ അന്നേ ദിവസം ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിയെ അറിയിക്കുകയായിരുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.