ജോധ്പൂര്‍: ബലാല്‍സംഗക്കേസില്‍ ആള്‍ദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ. ആസാറാം ബാപ്പുവടക്കം മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മറ്റു രണ്ടുപ്രതികള്‍ക്കും 20 വര്‍ഷം വീതം തടവും കോടതി നല്‍കി. പ്രതികളായിരുന്ന ശരത്, പ്രകാശ് എന്നിവരെ വെറുതെ വിട്ടു. അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. വിധിപ്രസ്താവം കേട്ട ആസാറാം ബാപ്പു പൊട്ടിക്കരഞ്ഞു.
ജോധ്പുര്‍ എസ്സി, എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസില്‍ ശിക്ഷ വിധിച്ചത്. ഉത്തരേന്ത്യ അടക്കി വാഴുന്ന ആള്‍ദൈവമാണ് ആസാറാം ബാപ്പു. ഇയാള്‍ക്ക് നൂറിലേറെ ആശ്രമങ്ങളും പതിനായിരക്കണക്കിന് അനുയായികളും സ്വന്തമായുണ്ട്. 2013 ഓഗസ്റ്റ് 15ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ മറ്റു ചില ആളുകളുടെ സഹായത്തോടെ ആസാറാം ബാപ്പു ബലാല്‍സംഗം ചെയ്യുകയായിരുന്നു. പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നുത്.
ശിക്ഷാ വിധി പുറത്തുവന്നതോടെ ഇയാളുടെ ആശ്രമങ്ങളും അനുയായികളുടെ സ്ഥാപനങ്ങളും കടുത്ത നിരീക്ഷണത്തിലാണ്. ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യത മുന്‍നിര്‍ത്തിയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ഇരയുടെ വീടിന് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Reply