ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
നോട്ടിംഗ്ഹാം : വാക്‌സിൻ വിരുദ്ധ പ്രസ്ഥാനത്തിൽ അംഗമായി എൻ എച്ച് എസിനെ അടച്ചാക്ഷേപിച്ച നേഴ് സിന് അജീവനാന്ത വിലക്ക്. നേഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) രജിസ്റ്ററിൽ നിന്നും പൂർണമായി ഒഴിവാക്കി. നോട്ടിംഗ്ഹാമിൽ നിന്നുള്ള കേറ്റ് ഷെമിറാനിയെ നേഴ്‌സായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് കഴിഞ്ഞ ജൂലൈയിൽ വിലക്കിയിരുന്നു. 18 മാസത്തെ ഇടക്കാല സസ്പെൻഷൻ ആയിരുന്നു നൽകിയതെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച എൻഎംസി ഫിറ്റ്നസ് ടു പ്രാക്ടീസ് കമ്മിറ്റി അവളെ എന്നുന്നേക്കുമായി വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പൊതുപരിപാടികളിലൂടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് യുകെ സർക്കാർ പുറപ്പെടുവിച്ച പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചതായി നിക്കോള ജാക്‌സന്റെ നേതൃത്വത്തിലുള്ള പാനൽ കണ്ടെത്തി.
നഴ്സുമാർ “വംശഹത്യ” യിൽ പങ്കാളികളാണെന്ന് ആരോപിച്ച കേറ്റ്, വാക്സിനേഷൻ ടീമുകളെ “ഡെത്ത് സ്ക്വാഡുകൾ” എന്നാണ് വിശേഷിപ്പിച്ചത്. “നിങ്ങൾ നഴ്‌സുമാരല്ല. നിങ്ങൾ മാലാഖമാരല്ല. നിങ്ങൾ കുറ്റവാളികളും നുണയന്മാരുമാണ്. പല രോഗികളും കൊല ചെയ്യപ്പെട്ടു. ഇക്കാലത്തെ പുതിയ നാസി തടങ്കൽപ്പാളയമാണ് എൻ എച്ച് എസ്.” ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ കേറ്റ് ഇപ്രകാരം കുറിച്ചു. 54 വയസുകാരിയായ കേറ്റ് കഴിഞ്ഞ 15 മാസത്തിനിടെ വിവിധ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 5ജി റേഡിയേഷനിലൂടെ കോവിഡ് ഉണ്ടാകുമെന്നും വാക്സിനുകൾ വന്ധ്യതയ്ക്ക് കാരണമാകുമെന്നും കേറ്റ് പറഞ്ഞിട്ടുണ്ട്.
“ഒരു വാക്സിനും ഇതുവരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, ഒരു വാക്സിനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല” ജനുവരിയിൽ നടന്ന അഭിമുഖത്തിൽ അവർ സ്കൈ ന്യൂസിനോട് പറഞ്ഞു. ഫൈസറും അസ്ട്രാസെനെക്കയും പോലുള്ള കുത്തിവെയ്പ്പുകൾ ലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചുവെന്ന് പറഞ്ഞപ്പോൾ കേറ്റ് അതിനെ പൂർണമായും എതിർത്തു. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുചെയ്‌ത വീഡിയോകളിൽ “രജിസ്റ്റർ ചെയ്ത നേഴ്‌സ്” എന്ന് സ്വയം വിശേഷിപ്പിക്കുകയും നേഴ്‌സിന്റെ യൂണിഫോം ധരിച്ചാണ് കാണപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലണ്ടനിൽ നടന്ന വാക്‌സിൻ വിരുദ്ധ, ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വ്യക്തി കൂടിയാണ് കേറ്റ്. എൻഎംസി രജിസ്റ്ററിൽ നിന്ന് കേറ്റിന് നീക്കംചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് എൻഎംസി പാനൽ അറിയിച്ചു.
Leave a Reply