തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷ്, ഉദയന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന വിദേശ വനിതയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു കൊലയെന്നും പൊലീസ് കണ്ടെത്തി.
കൊലപാതകം പീഡനത്തിനിടെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലുള്ള പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും കോര്‍ത്തണിക്കിയാണ് വിദേശ വനിത എങ്ങനെ കൊല്ലപ്പെട്ടൂവെന്നതിന്റെ പൂര്‍ണ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചത്. മൃതദേഹം കണ്ടെത്തിയ കാടിന് സമീപം താമസിക്കുന്നവരും ലഹരിസംഘാംഗങ്ങളുമായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കൊലപ്പെടുത്തിയതെന്നും സ്ഥിരീകരിച്ചു.
ഇവരെ കാണാതായത് മാര്‍ച്ച് 14നാണ്. അന്ന് രാവിലെ ഒമ്പത് മണിയോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ വിദേശ വനിത അവിടെ നിന്ന് പനത്തുറ ഭാഗത്തേക്ക് ഒറ്റക്ക് നടന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന അവരെ സമീപിച്ച് വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഫൈബര്‍ വള്ളത്തില്‍ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് വിദേശ വനിതയെ ശാരീരികമായി ആക്രമിച്ചു. അതിന് ശേഷം പീഡിപ്പിക്കുകയും ചെയ്തു.
ഇതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പ്രതികളും സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് പ്രതികളിലൊരാളായ ഉദയന്റേതാണെന്നും പൊലീസ് അറിയിച്ചു. വിദേശവനിതയെ കാണാതായ മാര്‍ച്ച് 14ന് ഉച്ചയ്ക്ക് ശേഷം കൊല നടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതിന് ശേഷം പലതവണ പ്രതികള്‍ ഇവിടെയെത്തിയിരുന്നൂവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കാട്ടില്‍ നിന്ന് കണ്ടെടുത്ത മുടിയിഴകളും വിരലടയാളങ്ങളും ഇവരുടേതെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
Leave a Reply