കോവളത്തെ കണ്ടല്‍ക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് വ്യക്തമാക്കി. ലിഗ കടല്‍തീരത്തേക്ക് നടന്നുവരുന്നത് കണ്ടു. ഇവരോട് സിഗരറ്റ് ചോദിച്ചെങ്കിലും തന്നില്ല. പിന്നീട്, ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടപ്പോള്‍ കേട്ടില്ലെന്ന് നടിച്ച് നടന്നുവെന്നും കസ്റ്റഡിയിലുള്ള ഉദയന്‍, രമേശ് എന്നിവര്‍ മൊഴി നല്‍കി.
കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, രാസപരിശോധന ഫലം വന്നതിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. മാര്‍ച്ച് 14ന് ലിഗയെ കാണാതായ ദിവസം തന്നെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
ലിഗയെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴുത്തില്‍ കൈകൊണ്ടു ഞെരിച്ചതോ കാല്‍കൊണ്ടു ചവിട്ടിപ്പിടിച്ചതോ മരണകാരണമായെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. കഴുത്തിലെ തരുണാസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. എന്നാല്‍, മൃതദേഹം ജീര്‍ണിച്ചിരുന്നതിനാല്‍, മാനഭംഗം നടന്നിട്ടുണ്ടോയെന്നു വ്യക്തമല്ല.
കഴുത്തിലെയും കാലിലെയും മുറിവുകള്‍ മല്‍പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണസംഘം തിരുവനന്തപുരം കമ്മിഷണര്‍ പി. പ്രകാശിന് ഇന്നലെ വൈകിട്ടു റിപ്പോര്‍ട്ട് കൈമാറി. തൂങ്ങിമരിച്ചാലുണ്ടാകുന്ന പരുക്കല്ല മൃതദേഹത്തിലുള്ളതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴുത്ത് ഒടിഞ്ഞനിലയില്‍ ലിഗയെ മരത്തില്‍ ചാരിനിര്‍ത്തി, കൊലയാളി രക്ഷപ്പെടുകയായിരുന്നെന്നാണു കണ്ടെത്തല്‍. കസ്റ്റഡിയിലുള്ള അഞ്ചുപേരില്‍, രണ്ടുപേരിലേക്കാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. വാഴമുട്ടത്തെ കണ്ടല്‍ക്കാട് ഇതിലൊരാളുടെ സ്ഥിരം താവളമായിരുന്നു. കൊലപാതകത്തില്‍ രണ്ടാമന്റെ പങ്ക് ഇതുവരെ വ്യക്തമല്ല. ലിഗയുടെ മൃതദേഹത്തിനു സമീപം കണ്ടെത്തിയ മുടിനാര് പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടേതാണെന്നു സംശയമുണ്ട്. ഇതു സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തും. ലിഗ കണ്ടല്‍ക്കാട്ടിലേക്കു പോകുന്നതു പലരും കണ്ടിട്ടുണ്ട്.
Leave a Reply