വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ പ്രദേശവാസികള്‍ കാണിച്ച നിസ്സഹകരണമാണ് പൊലീസിനെ ഏറെ കുഴച്ചത്. ലിഗയെ കാണാതായി ഒരു മാസത്തിന് ശേഷം ഏപ്രില്‍ 20നാണ് തിരുവല്ലത്തിന് സമീപം വാഴമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്തെ മൃതദേഹം കണ്ടെത്തിയത്. ഇവിടെയെത്തിയ ചില യുവാക്കള്‍ മൃതദേഹം കണ്ട് തിരുവല്ലം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
എന്നാല്‍ പ്രദേശവാസികളായ പലരും കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ മൃതദേഹം കണ്ടിരുന്നുവെങ്കിലും ആരും പൊലീസിനെ അറിയിച്ചിരുന്നില്ല. മൃതദേഹം കണ്ടെത്തിയ ശേഷം പരിസരത്തുള്ളവരോട് ചോദിച്ചപ്പോഴും മൃതദേഹം കണ്ടെന്ന് സമ്മതിക്കാന്‍ ആരും ആദ്യം തയ്യാറായില്ല. പ്രദേശത്ത് അല്‍പ്പംമാറി വീടുകളുമുണ്ട്. 30 ദിവസത്തോളം ഇവിടെ കിടന്ന മൃതദേഹത്തില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചു. എന്നിട്ടുപോലും മൃതദേഹം കണ്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
പ്രതികളെന്ന് പൊലീസ് സംശയിക്കപ്പെടുന്നവരോടൊപ്പം ലിഗ ഇവിടെ എത്തിയതും പലരും കണ്ടെങ്കിലും അതും മറച്ചുവെച്ചു. ലിഗയെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ട് പോലും വിവരം നല്‍കാന്‍ ആരും തയ്യാറാവാത്തത് പ്രദേശവാസികള്‍ തന്നെയായ പ്രതികളെ ഭയന്നിട്ടാണെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ പിന്നീട് നാട്ടുകാരില്‍ ചിലര്‍ പൊലീസിനോട് സഹകരിക്കാന്‍ തയ്യാറായതാണ് അന്വേഷണത്തിലും വഴിത്തിരിവായത്. പ്രദേശത്തെ നൂറോളം പേരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസെന്ന നിലയില്‍ പിഴവില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന ലക്ഷ്യത്തോടെയാണ് പൊലീസിന്റെ പ്രവര്‍ത്തനം. 30 ദിവസത്തോളം പഴക്കമുള്ള മൃതദേഹത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുക പ്രധാന വെല്ലുവിളിയായിരുന്നു. ഫോറന്‍സിക് വിദഗ്ദരുടെ സംഘം ഒരാഴ്ച സമയമെടുത്താണ് കൊലപാതകമാണെന്ന് തെളിയിച്ചത് പോലും. ഇനിയും തെളിവുകളുടെ പരിശോധന ബാക്കിയുണ്ട്. വിരലടയാളങ്ങള്‍ പോലും കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. പ്രദേശത്ത് നിന്ന് കിട്ടിയ മുടി ഉള്‍പ്പെടെയുള്ളവയുടെ പരിശോധനയും നടക്കുന്നുണ്ട്.
കസ്റ്റഡിയിലുള്ള നാല് പേരുമാണ് കൊലപാകത്തിന് പിന്നിലെന്ന് തെളിയിക്കാനുള്ള സാഹചര്യ തെളിവുകള്‍ പൊലീസിന് കിട്ടിയിരുന്നു. ലിഗയെ കണ്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് മൊഴിമാറ്റി മൃതദേഹം കണ്ടെന്നും പറഞ്ഞു. സംഭവം നടക്കുന്ന ദിവസം ഇവര്‍ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നെന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞു.
Leave a Reply